കഴിഞ്ഞ സീസണിൽ സംഭവിച്ചത് ഇത്തവണ ഉണ്ടായില്ലെന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എന്നിവരുമായി രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയോട് ചെന്നൈയിൻ എഫ്‌സി വിജയം നേടിയതാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരം ബാക്കി നിൽക്കെ പ്ലേ ഓഫ് ഉറപ്പിക്കാൻ കാരണമായത്. കഴിഞ്ഞ സീസണിൽ അവസാന മത്സരം വരെ കാത്തിരുന്ന് നേടിയ പ്ലേ ഓഫ് യോഗ്യത ഇത്തവണ നേരത്തെ നേടിയതിൽ വളരെ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“പ്ലേ ഓഫ് യോഗ്യത നേടിയത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അംഗീകരിക്കുന്ന കാര്യമാണ്. കഴിഞ്ഞ വർഷം അവസാനത്തെ മത്സരത്തിലോ അതിനു മുൻപ് നടന്ന മത്സരത്തിലോ ആണ് നമ്മൾ യോഗ്യത നേടിയത്. അതുപോലെയുള്ള സാഹചര്യങ്ങളെ നേരിടാനും അവസാനം വരെ പൊരുതാനും നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വുകോമനോവിച്ച് പറഞ്ഞു.

“ഈ സീസണിലും നമുക്ക് ആരും, യാതൊന്നും ഓഫർ ചെയ്യാൻ പോകുന്നില്ല. നമ്മളതിനു വേണ്ടി പൊരുതണം, നമ്മൾ പോയിന്റുകൾ പൊരുതി നേടിയെടുക്കണം, വിജയങ്ങൾ നേടിയെടുക്കണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങൾ പ്ലേ ഓഫിന് യോഗ്യത നേടിയെടുക്കാൻ നമ്മളെ സഹായിച്ചുവെന്നതിൽ സംശയമൊന്നും ഇല്ല. പക്ഷെ നമ്മൾക്കിനിയും രണ്ടു മത്സരങ്ങൾ കൂടി ബാക്കി കിടപ്പുണ്ട്. കൂടുതൽ കരുത്തരാകാൻ കഴിയുമെന്ന് നമ്മൾ കാണിക്കണം, ഇപ്പോൾ തന്നെ യോഗ്യത നേടിയത് കാര്യമാക്കേണ്ടതില്ല.” അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പതിനെട്ടു മത്സരങ്ങൾ കളിച്ച് മുപ്പത്തിയൊന്നു പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. മുംബൈ സിറ്റി എഫ്‌സി 46 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 39 പോയിന്റുള്ള ഹൈദരബാദ് രണ്ടാമത് നിൽക്കുന്നു. ബെംഗളൂരു, എടികെ മോഹൻ ബഗാൻ. ഗോവ എന്നിവരാണ് നാല് മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടി കിരീടത്തിനു വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന് വ്യക്തമാക്കുകയാവും ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം.