പരിക്കേറ്റ സോട്ടിരിയോക്ക് അതിനേക്കാൾ മികച്ച പകരക്കാരൻ, പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച താരം ബ്ലാസ്റ്റേഴ്‌സിലേക്ക് | Kerala Blasters

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടി നൽകിയാണ് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. മുന്നേറ്റനിരയിൽ ദിമിത്രിക്ക് കൂട്ടായി കളിക്കാനെത്തിയ താരം 2024 വരെ പരിക്കേറ്റു പുറത്തിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിരുന്നു. സോട്ടിരിയോക്ക് മികച്ചൊരു പകരക്കാരനെ തേടുന്ന ബ്ലാസ്റ്റേഴ്‌സ് അതിൽ വിജയം കണ്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യൻ രാജ്യത്ത് നിന്നുള്ള താരമെന്ന ക്വോട്ടയിലാണ് സോട്ടിരിയോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ താരത്തിന്റെ പകരക്കാരനും ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ഓസ്‌ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറിയുടെ താരമായ റയാൻ വില്യംസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചനകൾ.

മധ്യനിരയിലും മുന്നേറ്റനിരയിലും കളിക്കാൻ കഴിയുന്ന താരമാണ് റയാൻ വില്യംസ്. മധ്യനിരയിൽ റൈറ്റ് മിഡ്‌ഫീൽഡ്, ലെഫ്റ്റ് മിഡ്‌ഫീൽഡ്, അറ്റാക്കിങ് മിഡ്‌ഫീൽഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരത്തിന് മുന്നേറ്റനിരയിൽ വിങ്ങിലും സെക്കൻഡ് സ്‌ട്രൈക്കറായുമെല്ലാം ഇറങ്ങാനാവും. അതുകൊണ്ടു തന്നെ ഇവാൻ വുകോമനോവിച്ചിന് പല രീതിയിൽ വില്ല്യംസിനെ ഉപയോഗപ്പെടുത്താൻ കഴിയും. ഇരുപത്തിയൊമ്പത് വയസാണ് റയൽ വില്യംസിന്റെ പ്രായം.

ഓസ്‌ട്രേലിയൻ താരമാണെങ്കിലും ഇംഗ്ലീഷ് ഫുട്ബോളിലാണ് റയൽ വില്യംസ് ഭൂരിഭാഗവും കളിച്ചിട്ടുള്ളത്. പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിൽ 2012 മുതൽ 2015 വരെ വില്യംസ് ഉണ്ടായിരുന്നു. 2022ൽ പെർത്ത് ഗ്ലോറിയിൽ എത്തിയ താരം കഴിഞ്ഞ സീസണിൽ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളാണ് നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ചിട്ടുള്ള താരം സീനിയർ ടീമിനായി ഒരു മത്സരത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്.

Ryan Williams To Join Kerala Blasters To Replace Sotirio