ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഘോഷിക്കാൻ വരട്ടെ, നിരാശപ്പെടുത്തുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മാർക്കസ് മെർഗുലാവോ | Kerala Blasters

നിരാശപ്പെടുത്തുന്ന ഒരു സമയത്തിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില വിദേശതാരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഏതാനും പ്രധാന താരങ്ങളെ നഷ്‌ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അവർക്ക് പകരക്കാരായി പുതിയ താരങ്ങളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ നിരാശയിലുള്ള ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു ഈ അഭ്യൂഹങ്ങൾ.

ഓസ്‌ട്രേലിയയിൽ നിന്നുമെത്തിച്ച മുന്നേറ്റനിര താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത് കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകുകയുണ്ടായി. താരം 2024 വരെ കളത്തിലിറങ്ങാൻ കഴിയാതെ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സോട്ടിരിയോക്ക് പകരക്കാരനായി ഓസ്‌ട്രേലിയൻ ലീഗിൽ തന്നെയുള്ള ക്ലബായ പെർത്ത് ഗ്ലോറിയുടെ താരമായ റയാൻ വില്യംസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ പോവുകയാണെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും വിവിധ കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന ഒരു കാര്യമാണ് ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ അൽപ്പസമയം മുൻപ് വെളിപ്പെടുത്തിയത്. “പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ, നിങ്ങളെ നിരാശരാക്കുന്നതിനു ഞാൻ ക്ഷമ ചോദിക്കുന്നു. ആഘോഷിക്കാൻ വരട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കാര്യം വ്യക്തമാക്കുന്നില്ലെങ്കിലും റയാൻ വില്യംസ് ട്രാൻസ്‌ഫറിൽ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

അതിനു മുൻപുള്ള ട്വീറ്റുകളിൽ റയാൻ വില്യംസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തന്നെയാണ് വരികയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ കരാർ ഒപ്പിടേണ്ടതായിരുന്നുവെന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും പറഞ്ഞ അദ്ദേഹം സൗത്ത് ഇന്ത്യൻ ക്ലബിലേക്കാണ് റയാൻ ചേക്കേറുകയെന്നും പിന്നീട് വ്യക്തമാക്കി. മാർക്കസിന്റെ അവസാനത്തെ ട്വീറ്റ് റയാനെ ഉദ്ദേശിച്ചാണെങ്കിൽ താരം ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു, ഹൈദരാബാദ് എന്നിവയിൽ ഒന്നിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്.

Marcus Said Sorry To Kerala Blasters Fans