കേരള ബ്ലാസ്റ്റേഴ്സിന്റെ എമിലിയാനോ മാർട്ടിനസ്, ബ്രസീലിയൻ താരങ്ങൾക്കു മുന്നിൽ വൻമതിലായി സച്ചിൻ സുരേഷ് | Sachin Suresh
ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായ സച്ചിൻ സുരേഷ്. ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ഈ സീസണിൽ താരത്തെ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാക്കരുതെന്ന ആവശ്യമാണ് ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നത്. എന്നാൽ താരത്തിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന പരിശീലകൻ സച്ചിനെത്തന്നെ ഗോൾകീപ്പറായി തിരഞ്ഞെടുത്തപ്പോൾ അതിനു പ്രതിഫലം നൽകാൻ താരത്തിന് കഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതിനു ശേഷം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന സച്ചിൻ സുരേഷിനെയാണ് കാണുന്നത്. തനിക്കെതിരെയുള്ള വിമർശനങ്ങളെല്ലാം അഭിനന്ദനങ്ങളാക്കി മാറ്റാൻ ഇതുവരെയുള്ള താരത്തിന്റെ പ്രകടനത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ ചില പിഴവുകൾ മത്സരങ്ങളിൽഉണ്ടാകാറുണ്ടെങ്കിലും അതിനെ മറികടക്കുന്ന തകർപ്പൻ സേവുകളും മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഇടപെടലുകളും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു.
.@Sachinsuresh01 𝐢𝐬 𝐨𝐧 𝐭𝐨𝐩 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝! 💯#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #SachinSuresh #ISLPOTM pic.twitter.com/tvWFD22uCc
— Indian Super League (@IndSuperLeague) November 4, 2023
ഇന്നലെ നടന്ന മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ സച്ചിൻ സുരേഷ് തന്നെയായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന സമയത്ത് തന്റെ പിഴവിൽ നിന്നും ഈസ്റ്റ് ബംഗാളിന് ലഭിച്ച പെനാൽറ്റി തടുത്തിട്ട താരം ടീമിന്റെ രക്ഷകനായി. ആദ്യത്തെ പെനാൽറ്റി കിക്ക് തടുത്തിട്ടപ്പോൾ അഡ്വാൻസ് ചെയ്തു വന്നതിനു റഫറി റീടേക്ക് എടുക്കാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തെ പെനാൽറ്റി കിക്കും താരം അവിശ്വസനീയമായ രീതിയിൽ തടഞ്ഞ് ബ്ലാസ്റ്റേഴ്സിനെ ലീഡ് നിലനിർത്താൻ സഹായിച്ചു.
Sachin Suresh : The angel😇#sachinsuresh #KeralaBlasters #Manjappada #isl #penalty pic.twitter.com/YazsXFPBZp
— @ JESFIN SHAJU (@JesfinShaju) November 4, 2023
ഈ സീസണിൽ ഇതാദ്യമായല്ല സച്ചിൻ സുരേഷ് പെനാൽറ്റി സേവ് നടത്തുന്നത്. ഒഡിഷ എഫ്സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും താരം മികച്ചൊരു പെനാൽറ്റി സേവ് നടത്തിയിരുന്നു. രണ്ടു മത്സരങ്ങളിലും മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള പെനാൽറ്റി സേവുകളാണ് താരം നടത്തിയത്. ഇന്നലെ റീടേക്ക് എടുക്കേണ്ടി വന്ന ഒരെണ്ണമടക്കം ഇതുവരെ രക്ഷപ്പെടുത്തിയ മൂന്നു പെനാൽറ്റി സേവുകളും ബ്രസീലിയൻ താരങ്ങളുടേതായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
കഴിഞ്ഞ കോപ്പ അമേരിക്കയിലും ലോകകപ്പിലും അർജന്റീനക്ക് കിരീടം സ്വന്തമാക്കാൻ സഹായിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആധിപത്യം പുലർത്തുന്ന കളിക്കാരനാണ്. സച്ചിൻ സുരേഷിന്റെ ഈ സീസണിലെ പ്രകടനവും പെനാൽറ്റി രക്ഷപ്പെടുത്താനുള്ള കഴിവും കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ എമിലിയാനോ മാർട്ടിനസ് എന്നാണു താരത്തെ ആരാധകർ വാഴ്ത്തുന്നത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഗോൾവല തന്റെ കൈകളിൽ ഭദ്രമാണെന്ന് ഓരോ മത്സരത്തിലും താരം തെളിയിക്കുന്നു.
Sachin Suresh Is The Hero Of Kerala Blasters