സഹലിനെ ഉപയോഗിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടോ, താരത്തിന്റെ ഉജ്ജ്വലഫോം തെളിയിക്കുന്നതെന്ത് | Sahal
ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ സഹൽ അബ്ദുൾ സമദിന്റെ വിൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നിരവധി വർഷങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ച താരം പെട്ടന്ന് ക്ലബ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. താരം ക്ലബ് വിട്ടത് ക്ലബിന് സാമ്പത്തികപരമായി ഗുണം ചെയ്തുവെങ്കിലും ആ ട്രാൻസ്ഫറിൽ ക്ലബ് നേതൃത്വം പിന്നീട് നിരാശപ്പെടുമെന്ന മുന്നറിയിപ്പ് ആരാധകരിൽ പലരും നൽകുകയും ചെയ്തു.
അതിനൊപ്പം കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത് സഹലിനെ സംബന്ധിച്ച് ഗുണം ചെയ്യുമെന്നും താരത്തിന്റെ മുഴുവൻ പ്രതിഭയും പുറത്തെടുക്കാൻ അത് വഴിയൊരുക്കുമെന്നുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. ആ വാക്കുകൾ ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് സഹൽ ഈ സീസണിൽ നടത്തുന്നത്. മോഹൻ ബാഗാനൊപ്പം കരിയറിലെ ഏറ്റവും മികച്ച സീസണാകും തന്റേതെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഇരുപത്തിയാറുകാരനായ മലയാളി താരം നടത്തുന്നത്.
Sahal Abdul Samad now has 5 assists in his last 3 matches for club and country!
Making things happen 🪄✨#IndianFootball pic.twitter.com/zfqXYE3qa3
— Mohun Bagan Fan (@MohunBagan_Fan) October 13, 2023
ഐഎസ്എല്ലിലും എഎഫ്സി കപ്പിലുമായി ഈ സീസണിൽ മോഹൻ ബഗാനു വേണ്ടി അഞ്ചു മത്സരങ്ങളിലാണ് സഹൽ കളിച്ചിരിക്കുന്നത്. ഈ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് അസിസ്റ്റും ഒരു ഗോളുമായി അഞ്ചു ഗോളുകളിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു. ഐഎസ്എൽ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ തന്നെ കഴിഞ്ഞ സീസണുകളിൽ നടത്തിയതിനേക്കാൾ മികച്ച പ്രകടനത്തിന്റെ ലക്ഷണങ്ങൾ സഹൽ കാണിക്കുമ്പോൾ താരത്തെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടോ എന്ന സംശയം ഉയരുന്നുണ്ട്.
.@sahal_samad has enjoyed a great start to #ISL 2023-24 in 🟢🔴! 🔥#ISL10 #LetsFootball #ISLonJioCinema #ISLonSports18 #MBSG #SahalAbdulSamad | @JioCinema @Sports18 pic.twitter.com/FCwusuIWxk
— Indian Super League (@IndSuperLeague) October 10, 2023
കേരള ബ്ലാസ്റ്റേഴ്സിനു സഹലിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയാതിരുന്നതിന്റെ ഒരു പ്രധാന കാരണം ലൂണയുടെ സാന്നിധ്യമാണ്. സഹലിനെ സംബന്ധിച്ച് ഫ്രീ റോളിൽ കളിച്ചാലാണ് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുക. മോഹൻ ബഗാനിൽ ആ റോൾ ലഭിച്ചതോടെ താരത്തിന് തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാൻ കഴിയുന്നുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്സിൽ ഫ്രീ റോളിൽ കളിക്കുന്നത് ലൂണയാണ് എന്നതിനാൽ സഹലിന്റെ സ്വാതന്ത്ര്യം പരിമിതമായിരുന്നു.
2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ സഹൽ 2018ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. സീനിയർ ടീമിനായി 92 മത്സരങ്ങൾ കളിച്ച താരം പത്ത് ഗോളുകൾ നേടിയിട്ടുണ്ട്. മോഹൻ ബഗാനിലെത്തിയ സഹൽ നടത്തുന്ന മികച്ച പ്രകടനം ഇന്ത്യൻ ഫുട്ബോൾ ടീമിനും ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. മോഹൻ ബഗാനിൽ എത്തിയതിനു പിന്നാലെ ഈ വർഷത്തെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കാൻ സഹലിനു കഴിഞ്ഞു. 2028 വരെയാണ് സഹലിനു മോഹൻ ബഗാനുമായി കരാറുള്ളത്.
Sahal Abdul Samad Showing His Class With Mohun Bagan