മെസിയുടെയും ഡി മരിയയുടെയും കാര്യത്തിൽ തീരുമാനം ഒന്നാണ്, നിലപാട് വ്യക്തമാക്കി അർജന്റീന പരിശീലകൻ

2014 ലോകകപ്പിൽ പങ്കെടുത്ത രണ്ടു താരങ്ങൾ മാത്രമാണ് 2022 ലോകകപ്പിൽ അർജന്റീന ടീമിൽ ഉണ്ടായിരുന്നത്. മുന്നേറ്റനിര താരങ്ങളായ ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് ലോകകപ്പിൽ നടത്തിയത്. മെസി തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിന്നപ്പോൾ ഡി മരിയ ഫൈനലിലാണ് നിറഞ്ഞാടിയത്. അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ ഇരുവരും പങ്കു വഹിക്കുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം ഈ രണ്ടു താരങ്ങളും അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്മാരായി ടീമിനൊപ്പം കളിക്കാൻ രണ്ടു പേരും തുടർന്നു. ഇതോടെ ഇനിയെത്ര കാലം ഇരുവരും ടീമിനൊപ്പം ഉണ്ടാകുമെന്ന ചോദ്യം ആരാധകർക്ക് മുന്നിലുണ്ട്. അടുത്ത ലോകകപ്പിൽ ഇരുവരും കളിക്കാൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം പരിശീലകനായ സ്‌കലോണി മറുപടി നൽകി.

“മെസി അടുത്ത ലോകകപ്പിൽ ഉണ്ടാകുമോ? അതിൽ മെസി തന്നെയാണ് തീരുമാനത്തിൽ എത്തേണ്ടത്. താരത്തിന്റെ ശാരീരികസ്ഥിതി സമ്മതിക്കുന്ന കാലത്തോളം മെസി കളിക്കും. ഏഞ്ചൽ ഡി മരിയയുടെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.” സ്കൈ സ്പോർട്ട്സിനോട് ലയണൽ സ്‌കലോണി പറഞ്ഞു. ശാരീരികമായി മികച്ച രീതിയിൽ തുടർന്ന് ഫോം നിലനിർത്തിയാൽ രണ്ടു താരങ്ങളും അടുത്ത ലോകകപ്പ് കളിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അതേസമയം അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യത്തിൽ ഡി മരിയക്ക് ഉറപ്പില്ല. അങ്ങിനെയൊരു സ്വപ്‌നം താൻ കാണുന്നില്ലെന്നാണ് താരം ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്. അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാൻ താൽപര്യമുള്ള താരം അതിനായി യൂറോപ്പിൽ തന്നെ തുടരാനാണ് താൽപര്യപ്പെടുന്നത്. മെസിയും അടുത്ത ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയിട്ടുള്ളത്.