ലോകകപ്പിനു ശേഷം അർജന്റീനയിൽ നിന്നും പടിയിറങ്ങുമോ ലയണൽ മെസി, മറുപടി പറഞ്ഞ് സ്കലോണി
ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ നിന്നും ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. മെസിയുടെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലെന്നു പറഞ്ഞ അദ്ദേഹം ടൂർണമെന്റിനു ശേഷവും മെസി തുടരുമെന്നാണ് പ്രതീക്ഷയെന്ന് വെളിപ്പെടുത്തി.
ഖത്തർ ലോകകപ്പിന് ശേഷം ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ലയണൽ മെസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അർജന്റീന കിരീടത്തിനു വെറും രണ്ടു ജയം മാത്രം അകലെ നിൽക്കുന്ന സമയത്താണ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുന്നത്. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ സ്കലോണിയുടെ മറുപടി ഇങ്ങിനെയായിരുന്നു.
❗️Scaloni on Messi’s future with Argentina National Team: “We will hope he continues playing. Let’s see if he does. We will keep enjoying him, that’s important for us and for the world of football.” pic.twitter.com/8gYrsEU3IC
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
“മെസി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് സംഭവിക്കുമോയെന്നു കണ്ടറിയാം. താരം തുടർന്നാൽ നമുക്കത് ആസ്വദിച്ച് മുന്നോട്ടു പോകാം. ഫുട്ബോൾ ലോകത്തിനു വളരെ പ്രധാനപ്പെട്ട കാര്യമാണത്.” അദ്ദേഹം പറഞ്ഞു.
അർജന്റീന ലോകകപ്പ് വിജയം നേടിയാലും ഇല്ലെങ്കിലും ലയണൽ മെസി ടീമിന്റെ കൂടെ തുടരണം എന്നു തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 2024 കോപ്പ അമേരിക്ക വരെയെങ്കിലും മെസിക്ക് ടീമിന് സംഭാവന നൽകാൻ കഴിയും. എന്നാൽ താരത്തിന്റെ ഭാവി ലോകകപ്പിന് ശേഷമേ അറിയാൻ കഴിയുകയുള്ളൂ.