അർജന്റീനയിൽ നെയ്മർ ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്, ലയണൽ സ്കലോണി പറയുന്നു | Neymar
സമകാലീന ഫുട്ബോളിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും നൽകുന്ന ഉത്തരം നെയ്മർ എന്നായിരിക്കും. കണക്കെടുക്കുമ്പോൾ മെസി, റൊണാൾഡോ എന്നീ താരങ്ങളുടേതു പോലെ നിരവധി വമ്പൻ നേട്ടങ്ങളൊന്നും നെയ്മർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ബാലൺ ഡി ഓർ പോലും ഇത്രയും കാലത്തെ കരിയറിൽ ബ്രസീലിയൻ താരത്തിന്റെ പേരിലില്ലെന്നത് വാസ്തവമാണ്.
എന്നാൽ പ്രതിഭയുടെ അളവുകോലെടുത്താൽ ലയണൽ മെസിക്ക് ശേഷം അതേ നിലവാരത്തിൽ കളിക്കുന്ന ഒരേയൊരു താരം നെയ്മർ ആണെന്നതിൽ യാതൊരു സംശയവുമില്ല. പരിക്കുകളും അച്ചടക്കമില്ലായ്മയും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഫുട്ബോൾ ലോകം ഭരിക്കുന്ന താരമായി ബ്രസീലിയൻ താരം മാറിയേനെ. ഇപ്പോഴും പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ മറ്റെല്ലാ ഫുട്ബോൾ താരങ്ങളെയും കവച്ചു വെക്കുന്ന പ്രകടനം നെയ്മർ നടത്താറുണ്ട്.
Lionel Scaloni: “A player I wish he was an Argentine? Neymar.” @alkasschannel 🗣️🤝🇧🇷 pic.twitter.com/YMZOk53fE1
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 9, 2023
നെയ്മറുടെ മികവിനെ അടുത്തിടെ അഭിനന്ദിച്ച് രംഗത്തു വന്നത് സാക്ഷാൽ ലയണൽ സ്കലോണിയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അർജന്റീന ടീമിന് മൂന്നു കിരീടങ്ങൾ നേടിക്കൊടുത്ത അദ്ദേഹത്തോട് അർജന്റീനയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന മറ്റൊരു ടീമിലെ താരത്തിന്റെ പേരു പറയാൻ ആവശ്യപ്പെട്ടപ്പോൾ നെയ്മറുടെ പേരാണ് അദ്ദേഹം പറഞ്ഞത്. അൽകാസ് ചാനലിനോട് സംസാരിക്കുന്ന സമയത്താണ് സ്കലോണി ഇക്കാര്യം വെളിപ്പെടുത്തിയത്.
ലയണൽ സ്കലോണി നെയ്മറെ പ്രശംസിക്കുമ്പോൾ അർജന്റീന നായകനായ ലയണൽ മെസിയും ബ്രസീലിയൻ താരവും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. ബാഴ്സലോണയിൽ ഒരുമിച്ച് കളിക്കുമ്പോൾ തുടങ്ങിയ ബന്ധം ഇപ്പോഴും വളരെ നല്ല രീതിയിൽ അവർ നിലനിർത്തിക്കൊണ്ടു പോകുന്നു. ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയപ്പോൾ ലയണൽ മെസിയെ അഭിനന്ദിച്ച് വളരെ നേരം നെയ്മർ താരത്തിനൊപ്പം ചിലവഴിച്ചിരുന്നു.
Lionel Scaloni Says He Wish Neymar Would Be An Argentine