മെസി ആഗ്രഹിച്ചതു പോലെ എല്ലാം സംഭവിക്കുന്നു, സൗദി ട്രാൻസ്‌ഫർ നിഷേധിച്ചത് വെറുതെയല്ല | Lionel Messi

കഴിഞ്ഞ ദിവസമാണ് ലയണൽ മെസിയുടെ സൗദി അറേബ്യ ട്രാൻസ്‌ഫർ ഉറപ്പിച്ചു കഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. അഞ്ഞൂറ് മുതൽ അറുനൂറു മില്യൺ വരെ പ്രതിഫലം ലഭിക്കുന്ന വമ്പൻ കരാറാണ് ലയണൽ മെസി ഒപ്പിടുകയെന്നും മറ്റു കാര്യങ്ങളെല്ലാം ധാരണയിൽ എത്തിയെന്നുമായിരുന്നു അസോസിയേറ്റ് ഫ്രഞ്ച് പ്രസ് റിപ്പോർട്ടു ചെയ്‌തത്‌. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച് മെസിയുടെ പിതാവ് രംഗത്തു വരികയും ചെയ്‌തു.

മെസിയുടെ പിതാവ് വെളിപ്പെടുത്തുന്നത് പ്രകാരം ഈ സീസണിന് ശേഷമേ തന്റെ ഭാവിയെക്കുറിച്ച് ലയണൽ മെസി തീരുമാനം എടുക്കുകയുള്ളൂ. പിഎസ്‌ജി കരാർ അവസാനിക്കുന്നത് വരെ മറ്റൊരു ക്ലബുമായി മെസി കരാർ ഒപ്പിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഈ സീസണിന് ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ഇപ്പോൾ താരത്തിന്റെ ആഗ്രഹം നടക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി ബാഴ്‌സലോണ നൽകിയ പദ്ധതി ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ഒരു പദ്ധതി ബാഴ്‌സലോണ മുന്നോട്ടു വെച്ചെങ്കിലും അത് ലാ ലിഗ അംഗീകരിച്ചിരുന്നില്ല. എന്നാൽ അതിൽ മാറ്റങ്ങൾ വരുത്തിയുള്ള പുതിയ പദ്ധതിക്ക് അവർ സമ്മതം മൂളിയിട്ടുണ്ട്. ഇത് ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ബാഴ്‌സയുടെ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണ്.

റിപ്പോർട്ടുകൾ പ്രകാരം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ബാഴ്‌സലോണ ഈ സമ്മറിൽ നൂറു മില്യൺ യൂറോയെങ്കിലും താരങ്ങളുടെ വിൽപ്പനയിൽ നിന്നും ഉണ്ടാക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികൾ ബാഴ്‌സലോണ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞതാണ്. റാഫിന്യ, ഫെറൻ ടോറസ്, എറിക് ഗാർസിയ, അൻസു ഫാറ്റി, ഫ്രാങ്ക് കെസി തുടങ്ങി നിരവധി താരങ്ങൾ ക്ലബിൽ നിന്നും പുറത്തു പോയേക്കും. ഇവർക്കായി പല ഓഫറുകളും ലഭിക്കുന്നുമുണ്ട്.

പദ്ധതികളെല്ലാം കൃത്യമായി ബാഴ്‌സലോണ മുന്നോട്ടു നീക്കിയാൽ അടുത്ത സീസണിൽ ലയണൽ മെസി ബാഴ്‌സലോണയിൽ തന്നെ കളിക്കും. ലയണൽ മെസിയും കാത്തിരിക്കുന്നത് ബാഴ്‌സലോണയുടെ തീരുമാനം അറിയുന്നതിന് വേണ്ടി തന്നെയാണ്. അതുവരെ മറ്റൊരു ക്ലബ്ബിന്റെയും ഓഫർ താരം പരിഗണിക്കാൻ യാതൊരു സാധ്യതയുമില്ല.

La Liga Approved Barcelona Plan to Sign Lionel Messi