കൊച്ചിയിൽ കണ്ണൊന്നടച്ചാൽ കളി കൈവിട്ടു പോകും, ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവറിനെക്കുറിച്ച് ജംഷഡ്‌പൂർ പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനോട് നേടിയതു പോലെയൊരു വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

കൊച്ചിയിലെ ആദ്യത്തെ മത്സരം മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് നടന്നത്. മുപ്പതിനായിരത്തിൽ അധികം കാണികളാണ് മത്സരം കാണാൻ എത്തിയത്. ആദ്യത്തെ മത്സരമായതിനാൽ തന്നെ ആരാധകരുടെ ആവേശവും അതിന്റെ ഏറ്റവുമുയർന്ന രൂപത്തിലായിരുന്നു. സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ഈ ആരാധകപിന്തുണ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ ആരാധകർ തന്നെയാണ് ജംഷഡ്‌പൂർ പരിശീലകനും പ്രധാന ഭീഷണിയായി കാണുന്നത്.

“കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകർ വളരെ മികച്ചതാണ്. ഈ മഞ്ഞക്കടൽ കാണുന്നത് തന്നെ അതിമനോഹരമായ കാഴ്‌ചയാണ്‌. ഇതുപോലെയൊരു മൈതാനം അവിടെ കളിക്കുന്ന താരങ്ങൾക്കും സ്റ്റാഫിനും നല്ലതായിരിക്കും. ആരാധകരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഇതുപോലെ ആരാധകപിന്തുണയുള്ള ഒരു ടീമിനെ നേരിടുമ്പോൾ എതിരാളികളുടെ വർക്ക് റേറ്റിനൊപ്പം നമ്മളുമെത്തണം. ഇത് കാണികളുടെ എണ്ണം മാത്രമല്ല. ആ കളറും അവരുടെ ശബ്‌ദവുമെല്ലാമാണ്. അത് മനസിലാക്കി കണ്ണു തുറന്നു പിടിച്ച് കളിക്കണം.” സ്‌കോട്ട് കൂപ്പർ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ മുപ്പത്തിയയ്യായിരത്തോളം കാണികളാണ് മത്സരത്തിനായി എത്തിയതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് ഞായറാഴ്‌ച ആയതിനാൽ ചിലപ്പോൾ കാണികളുടെ എണ്ണം വീണ്ടും വർധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. കൊച്ചിയിലെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന കാണികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് മാത്രമാണ് ഇതിൽ ഒതുങ്ങുന്നത്. അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാണികൾ മത്സരത്തിനായി എത്തിച്ചേരുമെന്നുറപ്പാണ്.

ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനോട് നേടിയ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേസമയം ജംഷഡ്‌പൂർ എഫ്‌സി സീസണിലെ ആദ്യത്തെ വിജയം തേടിയാണ് കൊച്ചിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളുമായി ജംഷഡ്‌പൂർ സമനിലയിൽ പിരിയുകയായിരുന്നു. മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മികച്ചൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് എല്ലാ ആരാധകരും.

Scott Cooper On Kerala Blasters Fan Support