മത്സരം എതിരാളികളോടു മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കിടയിലുമുണ്ട്; ദിമിയുടെ വെളിപ്പെടുത്തൽ | Dimitrios

ഇന്ത്യൻ സൂപ്പർലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് വലിയൊരു ആവേശം ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് മടങ്ങി വരുമെന്നതാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്ന താരം പരിക്ക് കാരണം ഒരു മാസത്തിലധികമായി കളത്തിനു വെളിയിലായിരുന്നു. എന്നാൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ ദിമി കളിക്കാൻ തയ്യാറാണെന്ന് സഹപരിശീലകൻ ഫ്രാങ്ക് ദോവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ താരങ്ങൾ പന്ത്രണ്ടു ഗോളുകൾ വീതമാണ് നേടിയത്. ആ സീസണിൽ പത്ത് ഗോളുകൾ ദിമിത്രിയോസ് അടിച്ചു കൂട്ടി. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ആദ്യത്തെ സീസണിലാണ് ഈ പ്രകടനം താരം നടത്തിയത്. നിലവിൽ ഇന്ത്യയിലെ സാഹചര്യങ്ങളുമായി ദിമിത്രിയോസ് കൂടുതൽ പൊരുത്തപ്പെട്ടു കഴിഞ്ഞതിനാൽ ഈ സീസണിൽ ആരാധകർക്ക് കൂടുതൽ പ്രതീക്ഷയുണ്ട്.

ദിമിത്രിയോസ് ഇറങ്ങാതിരുന്ന കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കർ പൊസിഷനിൽ കളിച്ചത് പുതിയതായി ടീമിലെത്തിയ ഘാന യുവതാരമായ ക്വാമ പെപ്ര ആയിരുന്നു. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ തന്റെ ആദ്യത്തെ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ടീമിന്റെ സ്‌ട്രൈക്കർ പൊസിഷനിൽ പെപ്ര തനിക്കൊരു ഭീഷണിയാകുമോ എന്ന ചോദ്യത്തിന് ദിമിയുടെ മറുപടി ഇങ്ങിനെയായിരുന്നു.

“മുന്നേറ്റനിരക്ക് ഇത്തവണ കൂടുതൽ മൂർച്ചയേറിയിട്ടുണ്ട്. പുതിയതായി നിരവധി താരങ്ങൾ ടീമിലെത്തിയിട്ടുണ്ട്. വന്ന താരങ്ങളെല്ലാം വളരെ മിടുക്കരായതിനാൽ തന്നെ ടീമിനും കൂടുതൽ കരുത്ത് വന്നിട്ടുണ്ട്. മുന്നേറ്റനിരയിൽ ഞങ്ങളുടെ ഇടയിൽ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്.” ദിമിത്രിയോസ് പറഞ്ഞു. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്‌ട്രൈക്കർ സ്ഥാനം നിലനിർത്താൻ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണെന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

മുന്നേറ്റനിരയിൽ എത്തിയ മറ്റുള്ളവർ ജാപ്പനീസ് താരമായ ഡൈസുകെ, ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിറ്റ എന്നിവരാണ്. ഇതിൽ ഡൈസുകെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം ഇഷാൻ പണ്ഡിറ്റക്ക് പരിക്ക് കാരണം ഇതുവരെ ടീമിനായി ഐഎസ്എല്ലിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്തായാലും താരങ്ങൾക്കിടയിൽ മത്സരം വരുന്നത് കളിക്കാരുടെയും ടീമിന്റെയും പ്രകടനത്തെയും മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Dimitrios On Competition In Blasters Front Line