റൊണാൾഡോയുടെ ഗോളുകൾ ഭാഗ്യവും ഗോളിയുടെ പിഴവും, മെസിയുടെ ഗോളുകൾ പൂർണതയുള്ളതെന്ന് അഗ്യൂറോ | Sergio Aguero
ഫുട്ബോൾ ലോകം നിരവധി വര്ഷങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. മറ്റൊരു താരത്തെയും മുന്നിൽ കടക്കാൻ സമ്മതിക്കാതെ നിരവധി വർഷങ്ങളായി ഇവർ തുടരുന്നതിനാൽ തന്നെ ഒട്ടനവധി ആരാധകരും രണ്ടു പേർക്കുമുണ്ട്. അതുകൊണ്ടു തന്നെ ഈ രണ്ടു താരങ്ങളിൽ ആരാണ് ഏറ്റവും മികച്ചതെന്ന തർക്കം ഒരുപാട് നാളായി ഫുട്ബോൾ ലോകത്ത് നിലനിൽക്കുന്നു.
രണ്ടു താരങ്ങളുടെ ആരാധകർക്കും അവരുടേതായ മികവ് അവകാശപ്പെടാൻ കഴിയുമെങ്കിലും കിരീടങ്ങൾ നോക്കിയാൽ ലയണൽ മെസിയാണ് പൂർണമായ താരം. ലോകകപ്പ് അടക്കം ദേശീയ ടീമിനും ക്ലബിനുമോപ്പം സാധ്യമായ എല്ലാ കിരീടങ്ങളും മെസി തന്റെ കരിയറിൽ സ്വന്തമാക്കി. ഏഴു ബാലൺ ഡി ഓർ നേട്ടങ്ങളും മെസിയുടെ പേരിലുണ്ടെങ്കിലും റൊണാൾഡോയുടെ ഗോൾ സ്കോറിങ് മികവാണ് ഇപ്പോൾ ആരാധകർ ഉയർത്തിപ്പിടിക്കുന്നത്.
Sergio Aguero claims Lionel Messi is a better goalscorer than Cristiano Ronaldo 😬#BBCFootball pic.twitter.com/PtjJsbJuID
— Match of the Day (@BBCMOTD) April 12, 2023
അതേസമയം റൊണാൾഡോയെക്കാൾ ഗോളടിമികവ് ലയണൽ മെസിക്കാനെന്നും പോർച്ചുഗൽ താരത്തെ അതിനൊപ്പം നിർത്താൻ പോലും കഴിയില്ലെന്നുമാണ് മെസിയുടെ അടുത്ത സുഹൃത്തും മുൻ അർജന്റീന താരവുമായ സെർജിയോ അഗ്യൂറോ പറയുന്നത്. റൊണാൾഡോയുടെ ഗോളുകൾ ഭാഗ്യം കൊണ്ടാണെന്നും ബെൻസിമ, റൗൾ എന്നിവർ റൊണാൾഡോയെക്കാൾ മികച്ച ഗോളടിക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
“എവിടെ നിന്നാണ് റൊണാൾഡോ ഗോളുകൾ നേടുന്നതെന്ന് നോക്കുക. ഫ്രീ കിക്ക് ഗോളുകളെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ്. മെസിയുടെ ഗോളുകൾ കൃത്യമായ ആംഗിളിൽ പോകുമ്പോൾ റൊണാൾഡോയുടെത് ഗോൾകീപ്പറുടെ പിഴവു കൊണ്ടാണ്. റൗൾ, ബെൻസിമ എന്നിവർ കുറച്ചുകൂടി മെച്ചപ്പെട്ട ഗോളടിക്കാൻ ആണെന്നാണ് ഞാൻ കരുതുന്നത്.” തന്റെ ട്വിച്ച് ചാനലിലൂടെ സംസാരിക്കുമ്പോൾ അഗ്യൂറോ പറഞ്ഞു.
മെസിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ അഗ്യൂറോ ഇത് പറയുന്നത് വളരെ സ്വാഭാവികമായ കാര്യമാണെങ്കിലും റൊണാൾഡോ ആരാധകർ ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. അതേസമയം റൊണാൾഡോയുടെ യൂറോപ്യൻ ഗോൾ റെക്കോർഡ് കഴിഞ്ഞ ദിവസം മെസി മറികടന്നിരുന്നു. ഇനി കരിയർ ഗോളുകൾ, ഇന്റർനാഷണൽ, ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നിവയിലാണ് മെസി റൊണാൾഡോക്ക് പിന്നിൽ നിൽക്കുന്നത്.
Content Highlights: Sergio Aguero About Messi And Ronaldo