വേദന സഹിക്കാൻ വയ്യാത്ത കാലുകൾ കൊണ്ട് തന്റെ ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ച സുവാരസ്, ഇതാണ് യഥാർത്ഥ ഹീറോയിസം | Suarez
അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം ലാറ്റിനമേരിക്കയിലേക്ക് മടങ്ങിയ സുവാരസ് ആദ്യം കളിച്ചത് തന്റെ നാട്ടിൽ തന്നെയുള്ള നാഷണൽ എന്ന ക്ലബിലായിരുന്നു. അതിനു ശേഷമാണ് ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിലേക്ക് ചേക്കേറാൻ താരം തീരുമാനിക്കുന്നത്. രണ്ടാം ഡിവിഷനിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ചു വന്ന ബ്രസീലിയൻ ക്ലബിന്റെ ആരാധകരിൽ ചിലർക്ക് കരിയറിന്റെ അവസാനത്തെ ഘട്ടത്തിൽ നിൽക്കുന്ന താരത്തെ ടീമിലെത്തിച്ചതിൽ സംശയങ്ങളുണ്ടായിരുന്നു.
എന്നാൽ ടീമിന് വേണ്ടിയുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ടാണ് യൂറോപ്പിനെ ഒരുകാലത്ത് അടക്കി ഭരിച്ചിരുന്ന സുവാരസ് തന്റെ വരവറിയിച്ചത്. അതിനു ശേഷം ഇടതടവില്ലാതെ ഗോളുകൾ വർഷിച്ചു കൊണ്ടേയിരുന്ന താരം ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുന്ന സമയത്താണ് പരിക്കിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കാൽമുട്ടിന് സ്ഥിരമായി പ്രശ്നമുള്ള താരത്തിന് ഇഞ്ചക്ഷൻ എടുക്കാതെ കളിക്കാൻ കഴിയില്ലെന്നും വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും.
Luis Suarez tore it up in Brazil 😤 pic.twitter.com/OHbm2eemf2
— GOAL (@goal) December 7, 2023
എന്നാൽ അസഹ്യമായ വേദനയിലും തന്റെ പോരാട്ടവീര്യം പണയം വെക്കാൻ അയാൾ തയ്യാറല്ലായിരുന്നു. മത്സരത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുളികകളും മണിക്കൂറുകൾക്ക് മുൻപ് ഇഞ്ചക്ഷനും എടുത്ത് ഓരോ മത്സരത്തിലും താരം കളത്തിലിറങ്ങി. ഒടുവിൽ സീസൺ അവസാനിച്ചപ്പോൾ ടീമിനായി മിന്നുന്ന പ്രകടനം നടത്തി ഒരിക്കലും സാധ്യമാകും എന്നു പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരു നേട്ടത്തിലേക്ക് എത്തിച്ചാണ് സുവാരസ് കഴിഞ്ഞ ദിവസം അവസാനത്തെ മത്സരം കളിച്ചത്.
A 36-year-old Luis Suarez without a functioning pair of knees finished with the most goals + assists in one of the most physically demanding leagues on the planet.
Remarkable footballer. pic.twitter.com/muEQlsTT7I
— Neal 🇦🇺 (@NealGardner_) December 7, 2023
തേയ്മാനം വന്ന, വേദനയിൽ പുളയുന്ന കാലുകളുമായി സുവാരസ് ഈ സീസണിൽ കളിച്ചത് അമ്പതിനാല് മത്സരങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിൽ ടീമിനായി രണ്ടു ഗോൾ നേടി വിജയത്തിലെത്തിച്ചപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗ്രെമിയോ. ഒന്നാം സ്ഥാനത്തുള്ള പാൽമീറാസിനേക്കാൾ രണ്ടു പോയിന്റ് മാത്രം പിന്നിൽ. പത്ത് വർഷങ്ങൾക്ക് ശേഷം ടീമിന്റെ ഏറ്റവും മികച്ച സ്ഥാനം, കോപ്പ ലിബർട്ടഡോസ് യോഗ്യത എല്ലാം താരം പ്രൊമോഷൻ ലഭിച്ചു വന്ന ടീമിന് നേടിക്കൊടുത്തു.
Luis Suárez scores in his final game with Gremio!
Classic from the 36-year-old striker, rounding the keeper and finishing. 🍷 pic.twitter.com/kCWdtAqJvu
— CBS Sports Golazo ⚽️ (@CBSSportsGolazo) December 7, 2023
വേദന സഹിച്ച് കരിയറിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ഒരു സീസൺ പിന്നിടുമ്പോൾ പതിനേഴു ഗോളുകളുമായി ലീഗിൽ രണ്ടാം സ്ഥാനത്തും പതിനൊന്ന് അസിസ്റ്റുമായി ഒന്നാം സ്ഥാനത്തുമാണ് യുറുഗ്വായ് താരം നിൽക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് യാത്ര പറയുമ്പോൾ സുവാരസ് പറഞ്ഞത് ഫൈവ്സ് മത്സരം പോയിട്ട്, തന്റെ കുട്ടിയുടെ ഒപ്പം പോലും തനിക്ക് ഇഞ്ചക്ഷനില്ലാതെ കളിക്കാൻ പറ്റുന്നില്ലെന്നാണ്. താരം അനുഭവിക്കുന്ന വേദന അതിൽ നിന്നും വ്യക്തമാണ്.
മുപ്പത്തിയേഴാം വയസിലും അടങ്ങാത്ത അഭിനിവേശവുമായി കളിച്ചു കൊണ്ടിരിക്കുന്ന സുവാരസ് ഇനിയെങ്ങോട്ട് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്രയും വേദന സഹിച്ച് കളിക്കുന്നതിനു പകരം കരിയർ അവസാനിപ്പിക്കുമോ, അതോ തന്റെ പ്രിയപ്പെട്ട സുഹൃത്തായ മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കുമോ. ഇനിയും കളിക്കാനാണ് സുവാരസിന്റെ തീരുമാനമെങ്കിൽ ഒരു കാര്യം ഉറപ്പാണ്, തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ താരം കളിക്കളത്തിൽ നൽകും.
Suarez Done Heroic Performance For Gremio