ആസ്റ്റൺ വില്ല കുതിക്കും, മാഞ്ചസ്റ്റർ സിറ്റി വീഴും; പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം പ്രവചിച്ച് സൂപ്പർകമ്പ്യൂട്ടർ | Premier League

കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമും ആഴ്‌സണലും തമ്മിലുള്ള മത്സരം കഴിഞ്ഞതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീടത്തിനായുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. വെസ്റ്റ് ഹാമിനെതിരെ രണ്ടു ഗോളുകളുടെ ലീഡ് നേടിയതിനു ശേഷം ആഴ്‌സണൽ സമനില വഴങ്ങിയത് മാഞ്ചസ്റ്റർ സിറ്റിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ആഴ്‌സണൽ രണ്ടു ഗോൾ ലീഡ് തുലക്കുന്നത്.

മത്സരത്തിൽ വിജയം കൈവിട്ടതോടെ ആഴ്‌സണലിന് മുപ്പത്തിയൊന്നു മത്സരങ്ങളിൽ നിന്നും എഴുപതിനാല് പോയിന്റാണുള്ളത്. മുപ്പതു മത്സരങ്ങളിൽ നിന്നും എഴുപതു പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തു നിൽക്കുന്നുണ്ട്. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി ചുരുങ്ങും. ഇതോടെ ഏഴു മത്സരങ്ങൾ ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

എന്നാൽ ആഴ്‌സനലിനെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയില്ലെന്നാണ് ഒരു സൂപ്പർകമ്പ്യൂട്ടർ പ്രവചിച്ചിരിക്കുന്നത്. ഇതിനു മുൻപു പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങൾ വന്നതിൽ ഭൂരിഭാഗവും സിറ്റി ആഴ്‌സനലിന്റെ കുതിപ്പിനെ മറികടന്ന് കിരീടം നേടുമെന്നാണ് പറഞ്ഞത്. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായ പ്രവചനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സൂപ്പർകമ്പ്യൂട്ടറിന്റെ പ്രവചനപ്രകാരം ലീഗ് അവസാനിക്കുമ്പോൾ ആഴ്‌സണൽ തൊണ്ണൂറു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തും. ഒരു പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റിയെത്തുക. എഴുപത്തിയഞ്ച് പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തുമ്പോൾ പുതിയ ശക്തികളായി ഉയർന്നു വന്നിട്ടുള്ള ന്യൂകാസിൽ യുണൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്നും പ്രവചനം വ്യക്തമാക്കുന്നു.

ഇത്തവണ അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുക ടോട്ടനം ഹോസ്‌പർ, ബ്രൈറ്റൻ എന്നീ ടീമുകളായിരിക്കും. ആസ്റ്റൺ വില്ല ഏഴാം സ്ഥാനത്തെത്തി കോൺഫറൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്യും. ഉനെ എമറി പരിശീലകനായതിനു ശേഷം അത്ഭുതപ്പെടുത്തുന്ന കുതിപ്പ് കാണിക്കുന്ന ആസ്റ്റൺ വില്ല പതിനാറാം സ്ഥാനത്തു നിന്നും മുന്നേറി ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്.

ലിവർപൂൾ ഇത്തവണ യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടില്ലെന്നും എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്യുകയെന്നും പ്രവചനത്തിൽ പറയുന്നു. ചെൽസി ഈ സീസണിൽ അമ്പതു പോയിന്റ് നേടില്ലെന്നും നിലവിലെ പതിനൊന്നാം സ്ഥാനത്തു നിന്നും മുന്നേറ്റമൊന്നും ഉണ്ടാക്കില്ലെന്നും അതിൽ വ്യക്തമാക്കുന്നു.

Content Highlights: Supercomputer Predicts Premier League Point Table