മൂന്നു പ്രധാന താരങ്ങളെ ഒഴിവാക്കിയ മലംതീനികൾ, പിഎസ്‌ജിയുടെ തോൽ‌വിയിൽ രൂക്ഷമായ വിമർശനം | PSG

ന്യൂകാസിൽ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ പിഎസ്‌ജിക്കെതിരെ വിമർശനം ശക്തമാകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ആക്രമണ ഫുട്ബോൾ കളിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ന്യൂകാസിൽ വിജയം നേടി. പതിറ്റാണ്ടുകൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെത്തിയ ന്യൂകാസിലാണ് കഴിഞ്ഞ കുറെ വർഷമായി ചാമ്പ്യൻസ് ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്ന പിഎസ്‌ജിയെ കീഴടക്കിയത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെയാണ് പിഎസ്‌ജി ഒഴിവാക്കിയത്. ലയണൽ മെസി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചപ്പോൾ നിരവധി വർഷങ്ങളായി ക്ലബിനൊപ്പമുള്ള നെയ്‌മർ, വെറാറ്റി എന്നിവരെ പിഎസ്‌ജി ഒഴിവാക്കിയതു തന്നെയാണെന്നത് വ്യക്തമാണ്. എംബാപ്പയുടെ നേതൃത്വത്തിൽ പുതിയൊരു ടീമിനെ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ ഒഴിവാക്കലുകൾ പിഎസ്‌ജി നടത്തിയത്. എന്നാൽ അതെല്ലാം ടീമിന് തിരിച്ചടിയായി മാറുന്നതാണു കാണാൻ കഴിയുന്നത്.

“ഈ മൂന്നു താരങ്ങളെ ഒഴിവാക്കണമെങ്കിൽ നിങ്ങൾ മലം തിന്നുന്നവരായിരിക്കണം. ഇവരെ വിൽക്കാൻ നിങ്ങൾ അത്രയും വിഡ്ഢികൾ ആയിരിക്കണം, അത് ടീമിൽ പ്രതിഫലിച്ചുവെന്നത് അതിനേക്കാൾ മോശമായ കാര്യം. ദുർബലരായ പലരും മൈക്രോഫോണുകളുമായി വിവരമുള്ളവരെപ്പോലെ സംസാരിച്ചു കൊണ്ടിരിക്കുന്നത് കാണാറുണ്ട്. നിങ്ങൾക്ക് മീശയുള്ളതു കൊണ്ട് ബുദ്ധിയുണ്ടാകില്ല. ഈ മൂന്നു താരങ്ങൾക്ക് 50 വയസ് വരെ കളിക്കാനാകും. തണ്ണിമത്തന്റെ ഒരു ട്രക്കിനെ ലംബോർഗിനിയുമായി താരതമ്യം ചെയ്യരുത്.” ഒരു ഇൻസ്റ്റാഗ്രാം പേജ് കുറിച്ചു.

ഈ പേജിലെ വാക്കുകൾ ശ്രദ്ധിക്കപ്പെടാൻ കാരണം ബ്രസീലിയൻ പ്രതിരോധതാരമായ തിയാഗോ സിൽവ ആ പോസ്റ്റിനു ലൈക്ക് ചെയ്‌തിട്ടുണ്ട്‌ എന്നതിനാലാണ്. പിഎസ്‌ജി വിടാൻ ആഗ്രഹമില്ലാതിരുന്നിട്ടും അവിടെ നിന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ താരമാണ് തിയാഗോ സിൽവ. അതിനു ശേഷം ചെൽസിയിൽ എത്തിയ മുപ്പത്തിയെട്ടുകാരനായ താരം ഇപ്പോഴും ടീമിന്റെ പ്രധാനിയാണ്. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും സിൽവ സ്വന്തമാക്കിയിരുന്നു.

ഫ്രഞ്ച് താരമായ എംബാപ്പയുടെ ആവശ്യപ്രകാരമാണ് പിഎസ്‌ജി ടീമിലെ പല താരങ്ങളെയും ഒഴിവാക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. പരഡെസ്, ഡി മരിയ, തിയാഗോ സിൽവ തുടങ്ങി അവസാനം നെയ്‌മർക്കും വെറാറ്റിക്കും വരെ ക്ലബ് വിടേണ്ട സാഹചര്യമുണ്ടായി. അതിനു ശേഷം ഫ്രാൻസിലെ നിരവധി താരങ്ങളെ കൂട്ടിചേർത്തൊരു ടീമാണ് പിഎസ്‌ജിക്കിപ്പോൾ ഉള്ളത്. എന്നാൽ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ അവർക്ക് കഴിയുന്നില്ല.

Thiago Silva Likes Post Which Slams PSG