ആദ്യമത്സരം തിരുവോണ നാളിൽ നടക്കാൻ സാധ്യത, എതിരാളികൾ ആരാണെന്ന സൂചന ലഭിച്ചു

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ കാത്തിരിക്കുന്നത്. അടുത്ത മാസം, സെപ്‌തംബർ 13നാണു ഐഎസ്എൽ പോരാട്ടങ്ങൾ ആരംഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഒരുവിധം എല്ലാ ടീമുകളും ടൂർണ്ണമെന്റിനുള്ള ഒരുക്കങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പ്രതീക്ഷയോടെയാണ് ഈ സീസണിനായി കാത്തിരിക്കുന്നത്. മൂന്നു വർഷം ഇവാൻ വുകോമനോവിച്ച് പരിശീലകനായിരുന്ന ടീമിലേക്ക് മൈക്കൽ സ്റ്റാറെ എത്തിയതിന്റെ മാറ്റങ്ങൾ കാണാനാണ് ഏവരും കാത്തിരിക്കുന്നത്. ഇത്തവണയെങ്കിലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിനു കഴിയുമോയെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നു.

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം എന്നാണു നടക്കുകയെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സെപ്‌തംബർ പതിനഞ്ചിനോ പതിനാറിനോ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആദ്യത്തെ മത്സരം നടക്കുക. 2016 മുതൽ ഉദ്ഘാടന മത്സരത്തിൽ ഉണ്ടാകാറുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇല്ലെന്ന പ്രത്യേകത കൂടിയുണ്ട്.

സെപ്‌തംബർ പതിനഞ്ചിനാണ്‌ മത്സരമെങ്കിൽ തിരുവോണ നാളിൽ വിജയത്തോടെ കേരളത്തിലെ ആരാധകർക്ക് സമ്മാനം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് അവസരമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആയിരിക്കും ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ചില വിഷയങ്ങൾ കൂടി പരിഹരിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിലവിൽ ഡ്യൂറൻഡ് കപ്പിൽ കളിച്ചു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിലേക്ക് ചേക്കേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു എഫ്‌സിയാണ്. ഡ്യൂറൻഡ് കപ്പിൽ കിരീടം നേടിയാൽ ഈ ടീം വരുന്ന സീസണിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആരാധകരിലുമുണ്ടാകും.