മെസിക്ക് ഭീഷണിസന്ദേശം, താരത്തിന്റെ കുടുംബത്തിന്റെ ബിസിനസ് സ്ഥാപനത്തിനു നേരെ വെടിവെപ്പ്

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ നിൽക്കുന്ന മെസി ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നതാണ് അർജന്റീനയിൽ നിന്നുള്ള വാർത്തകൾ. അർജന്റീനയിൽ ലയണൽ മെസിയുടെ ഭാര്യയായ അന്റോനെല്ല റോക്കുസയുടെ സ്ഥാപനത്തിന് നേരെ വെടിയുതിർത്ത അജ്ഞാതർ മെസിയെ ഭീഷണിപ്പെടുത്തുന്നത് പോലെയുള്ള സന്ദേശം നൽകിയാണ് അവിടം വിട്ടത്.

അന്റോനല്ല റോക്കുസോയുടെ കുടുംബത്തിന്റെ പേരിലുള്ള സൂപ്പർമാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. മോട്ടോർ ബൈക്കിലെത്തിയ അക്രമകാരി പന്ത്രണ്ട് തവണ സ്ഥാപനത്തിന് നേരെ വെടിയുതിർത്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മെറ്റൽ ഷട്ടറിനു നേരെയാണ് അക്രമകാരി വെടിയുതിർത്തത്. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് അക്രമണത്തിനു പുറകിലുള്ളവർക്കുള്ളതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അക്രമം നടത്തിയതിനു പുറമെ അവർ അവിടെ നൽകിയിട്ടു പോയ സന്ദേശമാണ് മെസിയെ ഉന്നം വെക്കുന്നത്. “മെസി ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ജാവ്കിൻ മയക്കുമരുന്ന് കച്ചവടക്കാർക്കൊപ്പം നിൽക്കുന്നയാളാണ്. അയാൾ നിങ്ങളെ സംരക്ഷിക്കില്ല.” എന്നായിരുന്നു കാർഡ്ബോർഡ് പേപ്പറിൽ എഴുതിയ സന്ദേശം. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജാവ്കിൻ റൊസാരിയോയിലെ മേയറാണ്. മെസിയിൽ നിന്നും പണം നേടുകയെന്നതാണ് ഇവരുടെ ഉദ്ധേശമെന്നാണ് കരുതുന്നത്.

ഈ മാസം ലയണൽ മെസി അർജന്റീനയിൽ മത്സരം കളിക്കാനെത്തുന്നുണ്ട്. ലോകകപ്പിന് ശേഷം അർജന്റീന കളിക്കാനിരിക്കുന്ന ആദ്യത്തെ മത്സരമാണ്. ലോകകപ്പ് വിജയം സ്വന്തം ആരാധകർക്കൊപ്പം ആഘോഷിക്കുക എന്നതു കൂടി ആ വിജയത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ലയണൽ മെസിയെ ഉന്നം വെക്കുന്ന ഭീഷണിസന്ദേശം ലഭിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണെന്നതിൽ സംശയമില്ല.