റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നിൽ, അതൃപ്തനായി ടോണി ക്രൂസ്
ഇത്തവണത്തെ ബാലൺ ഡി ഓർ തന്റെ റയൽ മാഡ്രിഡ് സഹതാരമായ ബെൻസിമയാണ് സ്വന്തമാക്കിയതെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച ക്ലബുകളിൽ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് വീണതിൽ അതൃപ്തി വ്യക്തമാക്കി റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്. കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായതിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ടോണി ക്രൂസ് തന്റെ അതൃപ്തിയറിയിച്ചത്.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് സ്പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം മാത്രമാണ് നേടിയത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനോട് കീഴടങ്ങുകയും ചെയ്തിരുന്നു. ലിവർപൂൾ സ്വന്തമാക്കിയത് ആഭ്യന്തര കിരീടങ്ങളായ കറബാവോ കപ്പും എഫ്എ കപ്പും മാത്രമാണ്. പ്രീമിയർ ലീഗിൽ രണ്ടാമതെത്തിയ ലിവർപൂളിനെ ഫൈനലിൽ കീഴടക്കിയാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്കു മുന്നിൽ മുട്ടുകുത്തിയ രണ്ടു ടീമുകൾ റയൽ മാഡ്രിഡിനു മുന്നിലെത്തിയതാണ് ടോണി ക്രൂസിനെ അരിശം കൊള്ളിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഇതിനോടുള്ള പ്രതിഷേധം വെളിപ്പെടുത്തിയത്. “2021-22 സീസണിലെ മൂന്നാമത്തെ മികച്ച ടീം, സന്തോഷമായില്ലേ റയൽ മാഡ്രിഡ്” എന്നായിരുന്നു താരം അവാർഡ് പ്രഖ്യാപിച്ചതിനു ശേഷം ട്വീറ്റ് ചെയ്തത്.
3rd best team in 2021/22 – happy @realmadrid?
— Toni Kroos (@ToniKroos) October 17, 2022
ടോണി ക്രൂസിന്റെ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്നതിൽ സംശയമില്ല. നിരവധി വർഷങ്ങളായി യൂറോപ്യൻ ഫുട്ബോളിൽ അപ്രമാദിത്വം കാണിക്കുന്ന ക്ലബാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ പത്തു വർഷത്തിനിടെ അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അവർ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ പിഎസ്ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ വമ്പൻ ടീമുകളെ കീഴടക്കി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തിയത് ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ ആധികാരികതയെ തന്നെ സംശയത്തിലാക്കുന്നു.