സ്വന്തം നാട്ടിലും എംബാപ്പക്കു രക്ഷയില്ല, ബാലൺ ഡി ഓർ ചടങ്ങിനെത്തിയ താരത്തെ കൂക്കിവിളിച്ച് ആരാധകർ

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും ഇപ്പോൾ അത്ര നല്ല സമയമല്ല എംബാപ്പയുടേത്. റയൽ മാഡ്രിഡിനു വേണ്ടി കളിക്കുകയാണ് തന്റെ ആഗ്രഹമെന്നു വെളിപ്പെടുത്തിയ താരം ഇക്കഴിഞ്ഞ സമ്മറിൽ ലോസ് ബ്ലാങ്കോസിൽ ഫ്രീ ഏജന്റായി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷത്തിൽ പിഎസ്‌ജിയുമായി വമ്പൻ കരാർ ഒപ്പിടുകയായിരുന്നു. താരം റയലിൽ എത്തുമെന്നു പ്രതീക്ഷിച്ച എല്ലാവരെയും ഈ തീരുമാനം നിരാശപ്പെടുത്തുകയും റയൽ മാഡ്രിഡ് ആരാധകർ താരത്തിനെതിരെ തിരിയുകയും ചെയ്‌തു.

എന്നാൽ റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ല, സ്വന്തം നാടായ പാരീസിൽ നിന്നും താരത്തിന് ആരാധകരുടെ പ്രതിഷേധം നേരിടേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ ചടങ്ങിനായി എത്തിയ താരത്തെ കൂക്കി വിളിച്ചാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ കുറെ സീസണുകളായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ മനോഭാവവും ഈഗോയും ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള അവസരം വേണ്ടെന്നു വെച്ചതിനു പിന്നാലെ പിഎസ്‌ജിയിലും എംബാപ്പെ മൂലം പിരിമുറുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടണമെങ്കിൽ നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനു പുറമെ പിഎസ്‌ജിയിലെ അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരഡെസ്, ഏഞ്ചൽ ഡി മരിയ എന്നിവർ ക്ലബ് വിട്ടതിനു പിന്നിലും ഫ്രഞ്ച് സ്‌ട്രൈക്കർക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.

ഫ്രാൻസ് ടീമിലും എംബാപ്പെയുടെ സാന്നിധ്യം അസ്വസ്ഥത സൃഷ്‌ടിക്കുന്നുണ്ടെന്നാണ് സൂചനകൾ. ടീമിന്റെ കേന്ദ്രമാക്കി തന്നെ മാറ്റണമെന്നും തന്റെ മികവിനനുസരിച്ച് ശൈലി സൃഷ്‌ടിക്കണമെന്നും താരം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതിൽ മറ്റു താരങ്ങൾക്ക് താൽപര്യമില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ്‌ നിലവിൽ ഫ്രാൻസിന്റെ പ്രകടനം മോശമാകാൻ കാരണമായത്. പാരീസിൽ നിന്നുള്ള ആരാധകർ താരത്തെ കൂക്കി വിളിക്കാൻ ഇതൊരു പ്രധാന കാരണമായിട്ടുണ്ടാകും.

ലോകകപ്പ് അടുത്തിരിക്കെ സ്വന്തം നാട്ടിലെ ആരാധകരിൽ നിന്നു തന്നെ കൂക്കുവിളി ഏൽക്കേണ്ടി വരുന്നത് എംബാപ്പയെ സംബന്ധിച്ച് വലിയ ക്ഷീണമാണ്. ലയണൽ മെസിയും നെയ്‌മറും അടക്കമുള്ള താരങ്ങളോട് ഇണങ്ങി നിൽക്കാൻ തയ്യാറാവാത്ത എംബാപ്പെ തന്റെ ഈഗോ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലോകകപ്പിൽ ഫ്രാൻസിന്റെ പ്രകടനം മോശമായാൽ എംബാപ്പാക്കെതിരെയുള്ള പ്രതിഷേധം ഇനിയും ഉയരുമെന്നതിൽ സംശയമില്ല.