മെസിയുടെ കളി കാണണം, ഖത്തർ ലോകകപ്പിലെ വമ്പൻ പോരാട്ടത്തിന്റെ ടിക്കറ്റ് സ്വന്തമാക്കി ക്രിക്കറ്റ് സൂപ്പർതാരം

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസി. കളിക്കളത്തിൽ മാന്ത്രിക നീക്കങ്ങൾ നടത്തുന്ന ലയണൽ മെസിക്ക് മറ്റു കായിക മേഖലയിൽ നിന്നും നിരവധി ആരാധകരുണ്ട്. ഖത്തർ ലോകകപ്പിൽ മെസിയും അർജന്റീനയും തമ്മിലുള്ള മത്സരം കാണാൻ ക്രിക്കറ്റ് ലോകത്തെ ഒരു സൂപ്പർതാരം ടിക്കറ്റ് സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബംഗ്ലാദേശ് 20-20 ടീമിന്റെ നായകനായ ഷാക്കിബ് അൽ ഹസനാണ് ലോകകപ്പിൽ അർജന്റീനയുടെ ഗ്രൂപ്പ് മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ലോകകപ്പിലെ മത്സരങ്ങൾക്കുള്ള 290 ടിക്കറ്റുകൾ ഫിഫയിൽ നിന്നും ബംഗ്ലാദേശ് ഫുട്ബോൾ അസോസിയേഷന് ലഭിച്ചിരുന്നു. നിലവിലുള്ള ദേശീയ ടീം താരങ്ങൾ, പഴയ താരങ്ങൾ, ക്ലബുകൾ, സ്പോൺസർസ്, മറ്റു സ്പോർട്ടിങ് ബോഡികൾ തുടങ്ങിയവർക്കാണ് മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭ്യമാവുക. ഷക്കിബിന് രണ്ടു ടിക്കറ്റുകളാണ് ലഭ്യമായതെന്നും അതു രണ്ടും അർജന്റീന-മെക്‌സിക്കോ മത്സരത്തിനാണെന്നും ബിഎഫ്എഫ് ജനറൽ സെക്രട്ടറി അബു നയീം സോഹ കഴിഞ്ഞ ദിവസം പറഞ്ഞു.

ലയണൽ മെസി ഷാക്കിബ് അൽ ഹസനെ വളരെയധികം സ്വാധീനിച്ചിട്ടുള്ള താരമാണ്. നിരവധി തവണ അർജന്റീന താരത്തെക്കുറിച്ച് ബംഗ്ലാദേശ് താരം പറഞ്ഞിട്ടുണ്ട്. ഫുട്ബോളിലെ ഏറ്റവും മികച്ചത് മെസിയാണോ റൊണാൾഡോയാണോയെന്ന ചോദ്യത്തിനും മെസിയെന്നു തന്നെയാണ് ഷാക്കിബ് മറുപടി പറഞ്ഞിട്ടുള്ളത്. മെസി തനിക്ക് പ്രചോദനം നൽകിയിട്ടുണ്ടെങ്കിലും കളിക്കളത്തിനു പുറത്തുള്ള മെസിയെ താൻ അധികം പിന്തുടർന്നിട്ടില്ലെന്നും ഷാക്കിബ് അൽ ഹസൻ പറഞ്ഞിരുന്നു.

റൊണാൾഡോയുടെ വ്യക്തിത്വം മികച്ചതാണെങ്കിലും മെസിയുടെ കളിയാണ് കൂടുതൽ ആസ്വദിക്കാൻ കഴിയുന്നതെന്നാണ് ഷാക്കിബ് പറയുന്നത്. തന്റെ സ്വഭാവം റൊണാൾഡോയെപ്പോലെയാണെന്നും താരം പറഞ്ഞിരുന്നു. റൊണാൾഡോ കളിക്കളത്തിൽ പെരുമാറുന്നതു പോലെയാണ് തന്റെയും പെരുമാറ്റമെങ്കിലും മെസിയെയാണ് കൂടുതൽ ഇഷ്ട്ടമെന്നും താരം പറഞ്ഞിട്ടുണ്ട്.