ചാമ്പ്യൻസ് ലീഗ് കിങ്ങിന്റെ അഭാവത്തിൽ യുവേഫ മനസു മാറ്റിയോ, അൽ നസ്ർ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് റിപ്പോർട്ടുകൾ | Al Nassr
തീർത്തും അപ്രതീക്ഷിതമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് വീണ്ടും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച റൊണാൾഡോയുടെ തീരുമാനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ആ ട്രാൻസ്ഫറോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞു.
ചാമ്പ്യൻസ് ലീഗിലെ കിങ്ങാണ് റൊണാൾഡോയെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ അവിശ്വസനീയമായ പ്രകടനം നടത്താറുള്ള താരം അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെ. താരം അൽ നസ്റിലേക്ക് ചേക്കേറിയതോടെ ഇനി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഉണ്ടാകില്ലെന്നു നിരാശപ്പെട്ടവരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
🚨 UEFA 'considering inviting' Cristiano Ronaldo's Al Nassr to Champions League next season pic.twitter.com/pSZ0kdxiE1
— SPORTbible (@sportbible) November 14, 2023
അൽ നസ്റുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വിടാറില്ല അൽ ഹറാബി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അടുത്ത സീസൺ മുതൽ അൽ നസ്റിനെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുപ്പിക്കാൻ യുവേഫ ക്ഷണം നൽകാനുള്ള പദ്ധതിയിലാണ്. അടുത്ത സീസണിൽ കൂടുതൽ ടീമുകൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുമെന്നതിനാൽ യൂറോപ്പിന് പുറത്തുള്ള മൂന്നു ടീമുകളെ ടൂർണമെന്റിൽ എത്തിക്കാനാണ് യുവേഫ ഒരുങ്ങുന്നത്. അൽ നസ്റിന് യൂറോപ്പിലുള്ള പ്രശസ്തി കണക്കിലെടുത്താണ് അവരെയും ഉൾപ്പെടുത്തുന്നത്.
🚨UEFA plans to invite Cristiano Ronaldo's Al Nassr to play the 2024-25 edition of the New UEFA Champions League.
[@sportmediaset] pic.twitter.com/gfP0xeadsb
— CristianoXtra (@CristianoXtra_) November 14, 2023
അതേസമയം ഈ വാർത്തയുടെ ആധികാരികതയിൽ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നേരത്തെ ഇതുപോലെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും യുവേഫ പ്രസിഡന്റ് ഇക്കാര്യം നിഷേധിച്ചിരുന്നു. യൂറോപ്പിന് പുറത്തു നിന്നുള്ള ടീമുകളെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുപ്പിക്കുന്ന കാര്യം ചിന്തിക്കുന്നതു പോലുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സൗദി അറബ്യയുടെ പണക്കൊഴുപ്പിൽ വീണാൽ അവർ പദ്ധതികളിൽ മാറ്റം വരുത്തില്ലെന്ന് പറയാൻ കഴിയില്ല.
ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചു വരാൻ റൊണാൾഡോക്ക് കഴിഞ്ഞാൽ അത് ചരിത്രമാകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ അൽ നസ്റിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിഞ്ഞാൽ ഭീമമായ തുക മുടക്കി യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങളെ എത്തിക്കാനുള്ള കഴിവും അൽ നസ്റിനുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതും കാത്തിരിക്കുകയാണ് റൊണാൾഡോ ആരാധകർ.
UEFA May Invite Al Nassr To Champions League