എമിലിയാനോ മാർട്ടിനസിനെ നാണം കെടുത്തി ബ്രസീലിയൻ താരം മാർട്ടിനെല്ലി, വിമർശനവുമായി ആസ്റ്റൺ വില്ല പരിശീലകനും
ഖത്തർ ലോകകപ്പിൽ ഹീറോയായെങ്കിലും അതിനു ശേഷം എംബാപ്പയെ അധിക്ഷേപിച്ചതിന്റെ പേരിൽ എമിലിയാനോ മാർട്ടിനസിനെതിരെ നിരവധി ഫുട്ബോൾ ആരാധകർ തിരിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വീഴ്ചയും സോഷ്യൽ മീഡിയയിൽ അവർ ആഘോഷമാക്കാറുണ്ട്. എമിലിയാനോ മാർട്ടിനസിന്റെ വീഴ്ച ആഘോഷിക്കുന്നവരുടെ ദിവസമായിരുന്നു ഇന്നലത്തേത്. ആഴ്സണലുമായി നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങാൻ താരം കാരണമായി.
രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ നിൽക്കുമ്പോഴാണ് എമിലിയാനോ സെൽഫ് ഗോൾ വഴങ്ങിയത്. ജോർജിന്യോയുടെ ഷോട്ട് പോസ്റ്റിലും എമിലിയാനോയുടെ തലയിലും അടിച്ച് വലക്കകത്ത് കയറുകയായിരുന്നു. അതിനു തൊട്ടടുത്ത മിനുട്ടിൽ ഒരു സെറ്റ് പീസിനായി ആഴ്സണൽ ഗോൾമുഖത്തേക്ക് താരം പോയത് മറ്റൊരു ഗോളിനും വഴിയൊരുക്കി. ആഴ്സണലിന്റെ പ്രത്യാക്രമണത്തിനു ശേഷം ഗോൾകീപ്പറില്ലാത്ത പോസ്റ്റിലേക്ക് മാർട്ടിനെല്ലി പന്തെത്തിക്കുകയായിരുന്നു.
ആഴ്സണൽ പ്രത്യാക്രമണം നടത്തി പന്ത് തനിക്ക് ലഭിച്ചപ്പോൾ മാർട്ടിനെല്ലി നടത്തിയ ആഘോഷം ബ്രസീലിയൻ ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു. ഗോൾ അടിക്കുന്നതിനു മുൻപേ തന്നെ മാർട്ടിനെല്ലി തന്റെ കൈകൾ ഉയർത്തി ആഘോഷം തുടങ്ങിയിരുന്നു. സ്വന്തം ഗോൾപോസ്റ്റിലേക്ക് തിരിച്ചെത്താൻ എമിലിയാനോ മാർട്ടിനസ് ശ്രമിച്ചെങ്കിലും അതിനു കഴിയാതെ നിസ്സഹായനായി മാർട്ടിനെല്ലി ഗോളടിക്കുന്നത് കണ്ടു നിൽക്കാനേ എമിലിയാനോക്ക് കഴിഞ്ഞുള്ളൂ.
A Like ❤️ for Martinelli ❤️
— 𝕄𝕠𝕤𝕖𝕤 ℕ𝕘𝕚𝕘𝕖 (@MosesNgigeKE) February 18, 2023
Champ Celebrated before he nailed Aston Villa 🤣.
Arsenal 💪. pic.twitter.com/AFFiIJkWLi
മത്സരത്തിന് ശേഷം ഗോൾപോസ്റ്റ് ഒഴിച്ചിട്ട് ഗോളടിക്കാൻ പോയ എമിലിയാനോയെ ആസ്റ്റൺ വില്ല പരിശീലകൻ ഉനെ എമറി വിമർശിക്കുകയും ചെയ്തു. തന്റെ ഗോൾകീപ്പരോട് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗോളടിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നാണ് എമറി പറഞ്ഞത്. ഗോൾകീപ്പർ ഗോൾ നേടാൻ നൂറിലൊരു തവണ മാത്രം സാധ്യതയുള്ളപ്പോൾ അതിൽ നിന്നുമുള്ള പ്രത്യാക്രമണത്തിൽ ഗോൾ വഴങ്ങാൻ സാധ്യത കൂടുതലാണെന്ന് എമറി പറയുന്നു. 2-3നു തോൽക്കുന്നതിനേക്കാൾ മോശമാണ് 2-4നു തോൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'I don't like it' – Unai Emery slams Aston Villa goalkeeper Emiliano Martinez for going up for a late corner against Arsenal that allowed Gabriel Martinelli to score the Gunners' fourthhttps://t.co/3L7JI5Wrda
— Market (@aboutmarket10) February 18, 2023
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് എമിലിയാനോ വഴങ്ങിയിരിക്കുന്നത്. എന്തായാലും താരത്തോട് അനിഷ്ടമുള്ളവർ ഈ മോശം പ്രകടനത്തെ ആഘോഷമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മുഴുവൻ അർജന്റീന താരത്തിന്റെ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.