കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്നു വന്ന ഏറ്റവും മികച്ച താരം, വിബിൻ മോഹനനെ എതിരാളികൾ റാഞ്ചുമോ | Vibin Mohanan
കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്നു വന്ന ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിബിൻ മോഹനനെക്കുറിച്ച് നിസംശയം പറയാം. കഴിഞ്ഞ സീസണിൽ ടീമിനായി അരങ്ങേറ്റം നടത്തിയ വിബിൻ മോഹനൻ ഈ സീസണിൽ ദേശീയ ടീമിലെ പ്രധാനിയായ മധ്യനിര താരം ജിക്സൻ സിങ്ങിനെയടക്കം മറികടന്നാണ് ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായത്.
തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത വിബിൻ മോഹനൻ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. പിഴവുകൾ വരുത്താതെ കളിക്കുന്ന താരത്തിന്റെ പന്തടക്കവും വിഷനുമെല്ലാം വളരെ മികച്ചതാണ്. ഇന്ത്യൻ ദേശീയടീമിൽ വിബിൻ മോഹനനെ ഉൾപ്പെടുത്തേണ്ട കാലമായെന്ന് ഇതിഹാസതാരം ഐഎം വിജയം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
🥇💣 Vibin Mohanan has offers from ISL clubs. @ManoramaDaily #KBFC pic.twitter.com/99Xxwz9a7u
— KBFC XTRA (@kbfcxtra) April 27, 2024
എന്നാൽ ഇവാനെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ് നടത്താൻ പോകുന്ന വിപ്ലവത്തിൽ വിബിൻ മോഹനനും ടീമിൽ നിന്നും പുറത്തു പോകുമോയെന്നാണ് ആരാധകരുടെ ആശങ്ക. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മലയാളി താരത്തിന് പല ഐഎസ്എൽ ക്ലബുകളിൽ നിന്നും ഓഫറുകളുണ്ട്. ഇവാൻ പോയതോടെ വിബിൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
വിബിൻ മോഹനന്റെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നതാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. കരാർ പുതുക്കിയെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പുതിയ കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ വിബിൻ മോഹനനെ റാഞ്ചാൻ എളുപ്പമാണ്. ഇവാൻ പോയ സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറുകയും ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമായിരിക്കും. എഐഎഫ്എഫ് ചുമത്തിയ പിഴ അടക്കണമെന്നതിനാൽ പ്രധാന താരങ്ങളിൽ പലരെയും ബ്ലാസ്റ്റേഴ്സ് വിൽക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനൊപ്പം പുതിയ പരിശീലകൻ അവലംബിക്കുന്ന ശൈലിയിൽ താരത്തിന് ഇടമുണ്ടാകുമോ എന്നതും പ്രധാനമാണ്.
Vibin Mohanan Has Offers From Many ISL Clubs