കരിയർ തന്നെ അവസാനിപ്പിക്കുമായിരുന്ന മാരക ഫൗൾ, അടുത്തു നിന്നു കണ്ടിട്ടും നടപടിയെടുക്കാതെ റഫറി | Vibin Mohanan
ചെന്നൈയിൻ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന കഴിഞ്ഞ മത്സരം ആരാധകർക്ക് ആവേശകരമായ അനുഭവമാണ് നൽകിയതെങ്കിലും റഫറിയിങ് പിഴവുകൾ മത്സരത്തിൽ നിരവധിയുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈയിൻ എഫ്സി നേടിയ ആദ്യത്തെ ഗോൾ ഓഫ്സൈഡ് പൊസിഷനിൽ നിന്നാണെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്. അതിനു പുറമെ ആദ്യപകുതിയിൽ അഡ്രിയാൻ ലൂണയെ ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റിയും റഫറി നൽകിയില്ല.
വീഡിയോ റഫറിയിങ് സംവിധാനം ഇല്ലാത്ത ലീഗായതിനാൽ തന്നെ റഫറിമാർക്ക് പലപ്പോഴും പിഴവുകൾ വരുന്നത് സ്വാഭാവികമായ കാര്യമാണ്. പലപ്പോഴും പൊസിഷനിങ്ങിലെ പ്രശ്നങ്ങൾ കാരണം നടന്ന സംഭവം ശരിക്ക് കാണാൻ റഫറിമാർക്ക് കഴിയാത്തതിനാലാണ് പ്രധാനമായും പിഴവുകൾ വരിക. എന്നാൽ തൊട്ടു മുന്നിൽ റഫറി നോക്കി നിൽക്കുമ്പോൾ നടന്ന ഒരു മാരക ഫൗൾ പോലും കഴിഞ്ഞ മത്സരത്തിൽ റഫറി കണ്ടില്ലെന്നാണ് അതിനു ശേഷം ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
A narrow escape from a career ending foul!!!#Cirkovic You bloody b@#*…😡
And the best part, no red/yellow for this foul🤷🏻♂️#KBFC #KBFCCFC pic.twitter.com/UtkabwWhJZ
— Sujith SomNath (@SujithSomnath) November 30, 2023
മത്സരത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിൽ ആദ്യപകുതിയിൽ നടന്ന ഒരു ഫൗളിൽ റഫറി ഒരു നടപടിയും എടുക്കാത്തതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരമായ വിബിൻ മോഹനൻ പന്ത് ക്ലിയർ ചെയ്യാൻ വേണ്ടി എയറിൽ നിൽക്കുന്ന സമയത്താണ് ഫൗൾ നടന്നത്. ചെന്നൈയിൻ എഫ്സി പ്രതിരോധതാരമായ ലാസർ സിർകോവിച്ചാണ് താരത്തെ പിന്നിൽ നിന്നും ഫൗൾ ചെയ്തത്. റഫറി തൊട്ടടുത്ത് അത് നോക്കി നിൽക്കുകയായിരുന്നിട്ടും ഒരു നടപടിയും എടുത്തില്ല.
He deserves an appreciation mahn👏🏻.He rarely misses ball from his foot and controls the midfield🔥
VIBIN MOHANAN made in Kerala 💛#KBFC pic.twitter.com/OikHOho74Z— 🄺🄰🅁🅃🄷🄸🄺 🄼 (@Kar_thik_17) November 29, 2023
എയറിൽ നിൽക്കുന്ന താരത്തെ ഫൗൾ ചെയ്യുന്നത് തന്നെ ഗൗരവമുള്ളതാണെന്നിരിക്കെ ഇവിടെ സിർകോവിച്ച് ചെയ്തത് അതിനേക്കാൾ മാരകമായ ഫൗളാണ്. വിബിൻ മോഹനന്റെ പിന്നിൽ നിന്നും ചാടിയ സെർബിയൻ താരം തന്റെ മുട്ടുകാൽ കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് താരത്തെ ഇടിച്ചിടുന്നത്. കരിയർ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാവുന്ന ആ ഫൗൾ ചുവപ്പുകാർഡ് അർഹിക്കുന്നതായിട്ടും അത് നോക്കി നിൽക്കുകയായിരുന്ന റഫറി ഒരു മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്നതാണ് വിചിത്രമായ കാര്യം.
റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ഐഎസ്എല്ലിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടു തന്നെയാണ് റഫറിമാരുടെ പിഴവുകൾ വരുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതും. എന്നാൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ നിലവാരം പുറകോട്ടാണ് പോകുന്നത്. അതിനു മാറ്റം വരാതെ ഈ ലീഗ് വളരാനുള്ള സാധ്യതയും കുറവാണ്.
Vibin Mohanan Suffered A Serious Foul Vs CFC