സ്വന്തം ഹാഫിൽ നിന്നുള്ള ഷോട്ട്, ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ വലയിലേക്ക്, ഞെട്ടിച്ച് ഹക്കിം സിയച്ച്

മൊറോക്കോയും ജോർജിയായും തമ്മിൽ ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ചെൽസി താരം ഹക്കിം സിയച്ച് നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ സ്വന്തം ഹാഫിൽ നിന്നുമുതിർത്ത ഒരു ഷോട്ടിലാണ് സിയച്ച് ഗോൾകീപ്പറെ കീഴടക്കിയത്. മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ മൊറോക്കോ ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് സിയച്ച് ലീഡ് ഉയർത്തിയത്. ജോർജിയൻ ഡിഫെൻഡറുടെ പാസ് പിടിച്ചെടുത്ത താരം പന്തൊന്നു നീക്കിയതിനു ശേഷം മധ്യവരക്കടുത്തു നിന്നും ഷോട്ട് ഉതിർക്കുകയായിരുന്നു. സ്ഥാനം തെറ്റി നിന്ന ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ പോയ പന്ത് പോസ്റ്റിന്റെ മൂലയിലൂടെ വലയിലേക്കിറങ്ങി.

മത്സരത്തിലെ മികച്ച വിജയത്തോടെ ലോകകപ്പ് തയ്യാറെടുപ്പുകൾ നന്നായി പൂർത്തിയാക്കാൻ മൊറോക്കോ ടീമിന് കഴിഞ്ഞു. ഹക്കിം സിയാച്ചിന് പുറമെ യൂസഫ് എൻ നെസ്‌റി, സോഫിയാനെ ബൗഫൽ എന്നിവരാണ് ഗോളുകൾ നേടിയത്. ലോകകപ്പ് ഗ്രൂപ്പിൽ ക്രൊയേഷ്യ, ബെൽജിയം, കാനഡ എന്നീ ടീമുകളുടെ ഒപ്പമാണ് മൊറോക്കോ കളിക്കേണ്ടത്.