അർജന്റീനക്ക് ഞെട്ടൽ, രണ്ടു താരങ്ങൾ പരിക്കേറ്റു പുറത്ത്

ലോകകപ്പ് അടുത്തിരിക്കെ രണ്ടു താരങ്ങൾ അർജന്റീന ടീമിൽ നിന്നും പരിക്കേറ്റു പുറത്ത്. മുന്നേറ്റനിര താരങ്ങളായ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറീയ എന്നീ താരങ്ങളാണ് ടീമിൽ നിന്നും പുറത്തു പോയത്. നിക്കോ ഗോൺസാലസ് പുറത്തു പോകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൊവാക്വിൻ പുറത്തായത് അപ്രതീക്ഷിതമായാണ്.

പരിക്കേറ്റു പുറത്തായ താരങ്ങൾക്ക് പകരക്കാരെയും കണ്ടെത്തിയിട്ടുണ്ട്. നിക്കോ ഗോൺസാലസിന് പകരം അത്ലറ്റികോ മാഡ്രിഡിന്റെ ഏഞ്ചൽ കൊറിയയാണ്‌ ടീമിൽ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇന്റർ മിലാൻ ജൊവാക്വിൻ കൊറിയക്ക് പകരം അമേരിക്കൻ സോക്കർ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിയുടെ താരമായ തിയാഗോ അൽമാഡയും ഇടം പിടിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരമായ അലസാൻഡ്രോ ഗർനാച്ചോ ടീമിലെത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും താരം ഇടം പിടിച്ചില്ല. ലോകകപ്പ് അടുത്തിരിക്കെ ടീമിലെ താരങ്ങൾ പുറത്തു പോയത് അർജന്റീനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. യുഎഇക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഗോൾ നേടിയ താരമാണ് ജൊവാക്വിൻ കൊറീയ.