അവർ തിരഞ്ഞെടുത്ത ക്ലബ് തെറ്റായിരുന്നു, ബ്രസീലിയൻ താരങ്ങളുടെ ട്രാൻസ്‌ഫറിനെക്കുറിച്ച് ഫാബിന്യോ

ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡിലുള്ള നിരവധി താരങ്ങളാണ് പ്രീമിയർ ലീഗിൽ കളിക്കുന്നത്. ഫാബിന്യോ, അലിസൺ എന്നിവർ ലിവർപൂളിൽ കളിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഫ്രെഡ്, ആന്റണി, കസമീറോ എന്നിവർ സ്‌ക്വാഡിലുണ്ട്. അതിനു പുറമെ ബ്രൂണോ ന്യൂകാസിലിലും ഗബ്രിയേൽ ജീസസ്, മാർട്ടിനെല്ലി എന്നിവർ ആഴ്‌സണലിലും തിയാഗോ സിൽവ ചെൽസിയിലും എഡേഴ്‌സൺ മാഞ്ചസ്റ്റർ സിറ്റിയിലും പക്വറ്റ വെസ്റ്റ് ഹാമിലും കളിക്കുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേക്കേറിയ ബ്രസീലിയൻ താരങ്ങളായ കസമീറോ, ഫ്രെഡ്, ആന്റണി എന്നിവർ തിരഞ്ഞെടുത്ത ക്ലബ് തന്നെ തെറ്റായിരുന്നുവെന്നാണ് ബ്രസീലിയൻ സഹതാരവും ലിവർപൂൾ താരവുമായ ഫാബിന്യോ പറയുന്നത്. കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെച്ചപ്പെടുത്തില്ലെന്നു പ്രതീക്ഷിക്കുന്നുവെന്നു തുറന്നടിച്ച ഫാബിന്യോ ഫ്രെഡ്, ആന്റണി തുടങ്ങിയ താരങ്ങൾ ഇംഗ്ലണ്ടിലെ തെറ്റായ ക്ലബ്ബിനെ തിരഞ്ഞെടുത്തുവെന്നും ബ്രസീലിയൻ മാധ്യമത്തോട് സംസാരിക്കുമ്പോൾ കൂട്ടിച്ചേർത്തു.

ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീമിയർ ലീഗിലുള്ള വൈരി വളരെ പ്രസിദ്ധമാണ്. അതുകൊണ്ടു തന്നെയാണ് ഫാബിന്യോ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ കുറിച്ച് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം ഒരേ പൊസിഷനിൽ കളിക്കുന്ന താരങ്ങളായിട്ടും കസമീറോയായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും നല്ല സൗഹൃദം താരവുമായി നിലനിർത്തുന്നുണ്ടെന്നും ഫാബിന്യോ പറഞ്ഞു.