റൊണാൾഡോ നൈജീരിയക്കെതിരായ മത്സരത്തിൽ കളിക്കില്ല, സ്ഥിരീകരിച്ച് പോർച്ചുഗൽ പരിശീലകൻ

നൈജീരിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അറിയിച്ചു. ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്നു രാത്രി 12.1നാണ് പോർച്ചുഗലും നൈജീരിയയും തമ്മിലുള്ള സൗഹൃദമത്സരം നടക്കുന്നത്. ലോകകപ്പിന് കെട്ടുറപ്പോടെ കളിക്കാൻ ഈ മത്സരത്തിൽ ഇറങ്ങി താരങ്ങൾ ഒത്തിണക്കമുണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണെങ്കിലും ടീമിലെ സൂപ്പർതാരം റൊണാൾഡോ മത്സരത്തിനുണ്ടാകില്ല.

ഉദരസംബന്ധമായ അസുഖങ്ങളാണ് റൊണാൾഡോക്ക് മത്സരം നഷ്‌ടമാകാൻ കാരണമെന്ന് സാന്റോസ് അറിയിച്ചു. ഗ്യാസിന്റെ പ്രശ്‌നങ്ങൾക്കു പുറമെ താരത്തിന്റെ ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്‌ടമായിട്ടുണ്ടെന്നും ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റൊണാൾഡോ റൂമിനുള്ളിൽ വിശ്രമത്തിലാണെന്നും നൈജീരിയക്കെതിരെ താരം കളിക്കില്ലെന്നത് നൂറു ശതമാനം ഉറപ്പാണെന്നും സാന്റോസ് വ്യക്തമാക്കി.

റൊണാൾഡോയെ ടീമിലെടുക്കാൻ താൻ നിർബന്ധിതനാകുന്നില്ലെന്നും ഫെർണാണ്ടോ സാന്റോസ് പറഞ്ഞു. നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തിനു ശേഷം പോർച്ചുഗൽ ടീമിന്റെ അടുത്ത മത്സരം ലോകകപ്പ് ഗ്രൂപ്പിലാണ്. 24നു ഘാനയെ നേരിടുന്ന ടീം അതിനു ശേഷം യുറുഗ്വായ്, സൗത്ത് കൊറിയ എന്നീ ടീമുകൾക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കും. ലോകകപ്പിലെ മരണഗ്രൂപ്പുകളിൽ ഒന്നിലാണ് പോർച്ചുഗലുള്ളത്.

fpm_start( "true" ); /* ]]> */