“മെസിയെ തോൽപ്പിച്ച് ലോകകപ്പ് ഉയർത്തുമെന്ന് മെസിയോടു തന്നെ പറയാറുണ്ട്”- നെയ്‌മർ പറയുന്നു

ഖത്തർ ലോകകപ്പിൽ ബ്രസീലും അർജന്റീനയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുമോയെന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ടീമുകളും ഒന്നാം സ്ഥാനത്തു വന്നാൽ അതിനു സാധ്യതയില്ലെങ്കിലും ആരാധകർ അതു പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് ഫൈനലിൽ അർജന്റീനയും ബ്രസീലും തമ്മിൽ മുഖാമുഖം വരുന്നതിനെക്കുറിച്ച് പിഎസ്‌ജിയിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് തങ്ങൾ സംസാരിക്കാറുണ്ടെന്ന് ബ്രസീലിയൻ താരം നെയ്‌മർ വെളിപ്പെടുത്തി.

അതേക്കുറിച്ച് കൂടുതൽ സംസാരിക്കാറില്ലെങ്കിലും ഫൈനലിൽ പരസ്‌പരം ഏറ്റുമുട്ടുന്നതിനെക്കുറിച്ച് രണ്ടു പേരും തമാശ രൂപത്തിൽ പറയാറുണ്ടെന്ന് നെയ്‌മർ അറിയിച്ചു. മെസിക്കെതിരെ വിജയം നേടി ഞാൻ ചാമ്പ്യനാകുമെന്ന് അദ്ദേഹത്തോട് പറഞ്ഞ് ഞങ്ങൾ രണ്ടു പേരും കൂടി ചിരിക്കാറുണ്ടെന്നും പറഞ്ഞ നെയ്‌മർ ലയണൽ മെസി, എംബാപ്പെ എന്നീ താരങ്ങളുടെ കൂടെ കളിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണെന്നും ദി ടെലെഗ്രാഫിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

നെയ്‌മർ, മെസി എന്നിവർ ദേശീയ ടീമിനൊപ്പം ഒരു ഫൈനലിൽ ഒരുമിച്ച് വന്നത് കഴിഞ്ഞ കോപ്പ അമേരിക്കയിലാണ്. അന്നത്തെ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടി. അതുപോലൊരു ഫൈനൽ ലോകകപ്പിൽ ആവർത്തിക്കാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടു ടീമിനും ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്ന കാര്യത്തിൽ സംശയമില്ല.