രോഷാകുലനായി അർജന്റീന പരിശീലകൻ സ്‌കലോണി, അർജന്റീന ടീമിൽ നിന്നും വമ്പന്മാർ പുറത്തു പോയേക്കും

അർജന്റീന ടീമിലെ താരങ്ങൾ പരിക്കിന്റെ ബുദ്ധിമുട്ടുകൾ മറച്ചു വെച്ച് ലോകകപ്പ് ടീമിൽ ഇടം നേടിയതിൽ പരിശീലകനായ ലയണൽ സ്‌കലോണി രോഷാകുലനാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രണ്ട് അർജന്റീന താരങ്ങൾ ലോകകപ്പ് ടീമിൽ നിന്നും പുറത്തു പോയിരുന്നു. മൂന്നു താരങ്ങളുടെ ഫിറ്റ്നസ് കൂടി ഇപ്പോൾ നിരീക്ഷിച്ചു വരികയാണ്. ലോകകപ്പ് അടുത്തിരിക്കെ ഇതുപോലൊരു സാഹചര്യം വന്നതാണ് സ്‌കലോണിയെ രോഷാകുലനാക്കുന്നത്.

നൂറു ശതമാനം ഫിറ്റ്നസുള്ള താരങ്ങൾ മാത്രം ലോകകപ്പ് ടീമിൽ മതിയെന്ന് സ്‌കലോണി നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമായിരുന്നു. എന്നാൽ യുഎഇക്കെതിരായ മത്സരം കഴിഞ്ഞതോടെ പല താരങ്ങൾക്കും പരിക്കിന്റെ ബുദ്ധിമുട്ടുകളുണ്ടെന്നു വ്യക്തമായി. മത്സരത്തിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ട്രൈനിങ് സെഷനു ശേഷമാണ് നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറീയ എന്നിവർ ടീമിൽ നിന്നും പുറത്തു പോയത്.

പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്ത മറ്റു ചില താരങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്. മുന്നേറ്റനിര താരം പൗളോ ഡിബാല, മധ്യനിര താരം പപ്പു ഗോമസ്, ലെഫ്റ്റ് ബാക്കായ മാർക്കോസ് അക്യൂന എന്നിവരാണ് ഫിറ്റ്നസ് പ്രശ്‌നങ്ങളുള്ള കളിക്കാർ. ഇവർക്ക് അടുത്ത ട്രൈനിങ് സെഷൻ വളരെ നിർണായകമാണ്. അതിൽ ഫിറ്റ്നസ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ താരങ്ങളും ലോകകപ്പ് ടീമിൽ നിന്നും പുറത്തു പോകാനുള്ള സാധ്യത നിലനിൽക്കുന്നു.

തിങ്കളാഴ്ച വരെയാണ് അർജന്റീന ടീമിന് ലോകകപ്പ് സ്‌ക്വാഡിൽ താരങ്ങളെ ഉൾപ്പെടുത്താനുള്ള സമയമുള്ളത്. ഇപ്പോൾ പുറത്തായ ഗോൺസാലസ്, ജൊവാക്വിൻ കൊറീയ എന്നീ താരങ്ങൾക്ക് പകരം ഏഞ്ചൽ കൊറീയ, തിയാഗോ അൽമാഡ എന്നിവർ ടീമിലിടം നേടിയിട്ടുണ്ട്. എന്നാൽ ലോകകപ്പിലെ ആദ്യ മത്സരം കളിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ അർജന്റീനക്ക് ആശങ്കയാണ് താരങ്ങളുടെ പരിക്ക് നൽകുന്നത്.

fpm_start( "true" ); /* ]]> */