സ്‌പെയിനല്ലെങ്കിൽ അർജന്റീന ലോകകപ്പ് നേടണം, ലൂയിസ് എൻറിക്വ പറയുന്നു

ഖത്തർ ലോകകപ്പിൽ സ്പെയിനിനു വിജയിക്കാൻ കഴിയില്ലെങ്കിൽ അർജന്റീന കിരീടം നേടണമെന്നാണ് ആഗ്രഹമെന്ന് സ്പെയിൻ ടീമിന്റെ പരിശീലകൻ ലൂയിൻ എൻറിക്. ആരാധകരുമായി സംവദിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്വിച്ചിൽ തത്സമയം സംസാരിക്കുമ്പോഴാണ് എൻറിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ബ്രസീലും അർജന്റീനയുമാണ് കിരീടസാധ്യത കൂടുതലുള്ളവരെന്ന് ഞാൻ കരുതുന്നു. അതിനു ശേഷം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇംഗ്ലണ്ട് ബെൽജിയം എന്നിവരും തൊട്ടടുത്താണ്. ഞങ്ങൾക്കിത് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അർജന്റീന വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം.”

“മെസിയെപ്പോലൊരു ലോകോത്തര താരം ലോകകപ്പുമായി വിരമിക്കണം. ഇത് താരത്തിന്റെ അവസാനത്തെ ലോകകപ്പാണെങ്കിൽ. എന്തായാലും ഇതു താരത്തിന്റെ അവസാനത്തെ ലോകകപ്പ് അല്ലെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ സ്പെയിൻ വിജയിക്കാനാണ് എന്റെ ആഗ്രഹം. അല്ലെങ്കിൽ ലൂയിസ് സുവാരസുള്ള കാരണത്താൽ യുറുഗ്വായ്.” എൻറിക് പറഞ്ഞു.