എക്കാലത്തെയും മികച്ച താരം മെസി പറയുന്നത് കേൾക്കൂ, റൊണാൾഡോക്ക് മറുപടിയുമായി ഫ്രഞ്ച് ലീഗ് | Ligue 1
കഴിഞ്ഞ ദിവസം നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകൾ ചർച്ചയായി മാറിയിരുന്നു. ലയണൽ മെസി, നെയ്മർ തുടങ്ങിയ താരങ്ങൾ കളിച്ച, നിലവിൽ എംബാപ്പെ ഉൾപ്പെടെയുള്ള കളിക്കാരുള്ള ലീഗ് വണ്ണിനെക്കാൾ മികച്ചത് സൗദി പ്രൊ ലീഗാണെന്നും സൗദിയിൽ ഒരു വർഷം കളിച്ച അനുഭവം വെച്ച് താനത് മനസിലാക്കിയെന്നുമാണ് റൊണാൾഡോ പറഞ്ഞത്.
ലയണൽ മെസി, എംബാപ്പെ തുടങ്ങിയ താരങ്ങളെ ഉന്നം വെച്ചാണോ റൊണാൾഡോ അത് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും താരത്തിന്റെ വാക്കുകൾക്ക് മറുപടിയുമായി ലീഗ് വണിന്റെ ഒഫീഷ്യൽ സ്പാനിഷ് പേജ് വന്നിട്ടുണ്ട്. ട്വിറ്ററിൽ മെസിയുടെ ചിത്രം പോസ്റ്റ് ചെയ്ത അവർ ‘ലീഗിനെക്കുറിച്ച് എക്കാലത്തെയും ഏറ്റവും മികച്ച താരത്തിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കൂ’ എന്നാണു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
Sobre la Ligue 1, la opinión del mejor jugador de todos los tiempos. 🐐 pic.twitter.com/tEb7cMu0aM
— Ligue 1 Español (@Ligue1_ESP) January 19, 2024
“ലാ ലിഗയെക്കാൾ കായികപരമായി മുന്നിൽ നിൽക്കുന്ന ചാമ്പ്യൻഷിപ്പാണ് ലീഗ് വൺ. ടീമുകൾ കായികപരമായി മുന്നിൽ നിൽക്കുന്നതിനാൽ തന്നെ മത്സരങ്ങളും കടുപ്പമേറിയതാകും. അവർ അധികം സ്പേസ് നിങ്ങൾക്ക് നൽകില്ല. മാത്രമല്ല, കളിക്കാരെല്ലാം വളരെ കരുത്തുറ്റവരുമായിരിക്കും.” ഇതാണ് ലയണൽ മെസി മുൻപ് ലീഗ് വണ്ണിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.
ഫ്രഞ്ച് ലീഗിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതുകൊണ്ടു തന്നെ ഒരു വർഷം സൗദി ലീഗിൽ കളിച്ച പരിചയം വെച്ച് അതാണ് കൂടുതൽ മികച്ചതെന്ന് പറയാൻ കഴിയില്ല. കായികപരമായി ഫ്രഞ്ച് ലീഗ് ഉയർന്നു നിൽക്കുന്നതിനാൽ അവിടെ കളിച്ച അനുഭവം മെസിയുടെ ലോകകപ്പ് നേട്ടത്തിന് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ലീഗ് വൺ നൽകിയ മറുപടി അർഹിക്കുന്നത് തന്നെ.
റൊണാൾഡോ ലീഗ് വണിനെക്കാൾ മികച്ചതാണ് സൗദി ലീഗെന്നു പറഞ്ഞതിന് പിന്നാലെ പിഎസ്ജിയുടെ ഒഫീഷ്യൽ ഇംഗ്ലീഷ് ട്വിറ്റർ പേജ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. റൊണാൾഡോയുടെ കവിളത്ത് സ്നേഹത്തോടെ തടവുന്ന എംബാപ്പയുടെ ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്. അത് റൊണാൾഡോയെ കളിയാക്കാൻ വേണ്ടി പോസ്റ്റ് ചെയ്തതാണെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.
Ligue 1 Hit Back At Ronaldo Claims