കളിക്കളത്തിൽ സർവവും നൽകുന്ന താരം, ലൂണയുടെ അഭാവത്തിൽ ടീമിന്റെ ചുമതല ഏറ്റെടുത്ത് ദിമിത്രിയോസ് | Dimitrios

കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനൊപ്പമുള്ള, ആരാധകരുടെ പ്രിയപ്പെട്ട താരമായ അഡ്രിയാൻ ലൂണ ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയ കളിക്കാരനാണ്. ടീമിനായി ഏറ്റവും ആത്മാർത്ഥതയുള്ള പ്രകടനം നടത്തുന്ന താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകനുമായി. പരിക്കേറ്റു പുറത്തു പോകുന്നത് വരെ ടീമിന്റെ നട്ടെല്ലായി കളിച്ചിരുന്നത് യുറുഗ്വായ് താരം തന്നെയായിരുന്നു.

ലൂണക്ക് പരിക്കേറ്റത് ആരാധകർക്ക് വളരെയധികം നിരാശയുണ്ടാക്കിയെങ്കിലും താരത്തിന്റെ അഭാവം പരിഹരിച്ചു കൊണ്ടാണ് ദിമിത്രിയോസ് ടീമിൽ ഉയർന്നു വന്നത്. ലൂണയുടെ അഭാവം ടീമിനെ അറിയിക്കാതെ ഏറ്റവും മികച്ച പ്രകടനം നടത്താനും കളിക്കളത്തിലുള്ള സമയം വളരെ മികച്ച രീതിയിൽ അധ്വാനിക്കാനും താരത്തിന് കഴിയുന്നുണ്ട്.

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷം ഐഎസ്എല്ലിൽ നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഈ നാല് മത്സരങ്ങളിലും ഗോൾ നേടാനും അതിനു പുറമെ ഒരു ഗോളിന് വഴിയൊരുക്കാനും ദിമിത്രിയോസിനു കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ ഇന്ത്യൻ സൂപ്പർ കപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും ഗ്രീക്ക് താരം സ്വന്തമാക്കി.

കളിക്കളത്തിൽ ദിമിത്രിയോസ് നടത്തുന്ന കഠിനാധ്വാനം വളരെ പ്രശംസ അർഹിക്കുന്നതാണ്. കഴിഞ്ഞ മത്സരത്തിൽ പെപ്രയുടെ അഭാവത്തിൽ മികച്ച രീതിയിൽ പ്രസ് ചെയ്‌ത താരം നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. അതിനു പുറമെ ലൂണയുടെ അഭാവത്തിൽ പിന്നിലേക്ക് ഇറങ്ങിക്കളിച്ച് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനും താരം ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ടീമിലെത്തിയ താരം ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്കോറർ ആയിരുന്നു. ഈ സീസണിൽ ഐഎസ്എല്ലിലെ തന്നെ ടോപ് സ്കോററായി മാറാൻ വേണ്ടിയുള്ള കുതിപ്പിലാണ് ദിമിത്രിയോസുള്ളത്. ഈ സീസണിലിതു വരെ ബ്ലാസ്റ്റേഴ്‌സിന്റെ പത്ത് ഗോളുകളിൽ താരം പങ്കാളിയായി. അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് തോന്നാത്തതിന് പ്രധാന കാരണവും ദിമിത്രിയോസ് തന്നെയാണ്.

Dimitrios Showing His Experience With Kerala Blasters