പുള്ളാവൂർ പുഴയിലെ മെസിക്കു കിട്ടിയ പ്രശസ്‌തി കണ്ട് ബ്രസീൽ ആരാധകർക്ക് ഹാലിളകി, അതിനേക്കാൾ വലിയ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു
കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ട് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കൊടുവള്ളിക്കടുത്തുള്ള പുള്ളാവൂരിലെ അർജന്റീന ആരാധകരാണ് ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. അന്താരാഷ്ട്ര തലത്തിലും മെസിയുടെ ജന്മനാടായ അർജന്റീനയിലും പ്രധാന മാധ്യമങ്ങളെല്ലാം ഇതിനെ വാഴ്ത്തി രംഗത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിലും ഇതു നിറഞ്ഞു നിൽക്കുകയും ചെയ്‌തു.
കേരളത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ട് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത് പ്രദേശത്തെ ബ്രസീൽ ആരാധകരുടെ ഹാലിളകി എന്നു തന്നെ വേണം കരുതാൻ. ഇപ്പോൾ അതിനേക്കാൾ വലിയൊരു കട്ടൗട്ട് ലയണൽ മെസിയുടെ കട്ടൗട്ടിനു മുന്നിൽ സ്ഥാപിച്ചിരിക്കുകയാണവർ. ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറുടെ ചിത്രമാണ് കട്ടൗട്ടിലുള്ളത്. പുഴയുടെ നടുവിൽ കട്ടൗട്ട് വെക്കാൻ സ്ഥലമില്ലാത്തതിനാൽ പുഴയുടെ വശത്താണ് അവർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
പുതിയ കട്ടൗട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടരുമ്പോൾ സമ്മിശ്രമായ പ്രതികരണമാണ് വരുന്നത്. ചിലർ ഇതിനെ അനുകൂലിച്ചു വരുമ്പോൾ മറ്റു ചിലർ പ്രതികൂലിക്കുന്നുമുണ്ട്. ആരെങ്കിലും ഒരു കാര്യം ചെയ്‌ത് പ്രശസ്‌തി ലഭിച്ചാൽ അതിനെ അന്ധമായി അനുകരിക്കുന്ന മലയാളികളുടെ പൊതുവായ സ്വഭാവമാണ് ഇതിലുള്ളതെന്ന് വിമർശിക്കുന്നവർ പറയുന്നു. ബ്രസീൽ ആരാധകർ അനുകരണത്തിനു മുതിരാതെ പുതിയ എന്തെങ്കിലുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വിമർശിക്കുന്നവർ വ്യക്തമാക്കുന്നു.
അതേസമയം ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം ലോകകപ്പ് ആരവം കേരളക്കരയെ പിടിച്ചു കുലുക്കാൻ തുടങ്ങിയെന്നാണ് ഇന്ത്യയിൽ തന്നെ ലോകകപ്പിന്റെ ആവേശം ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. ഇത്തരത്തിൽ ആഗോള തലത്തിൽ തന്നെ പ്രശസ്‌തി കിട്ടുന്ന കാര്യങ്ങളിലൂടെ ബ്രസീൽ, അർജന്റീന ആരാധകർ മുന്നോട്ടു വരുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടേതായ വിദ്യയുമായി മറ്റു ടീമിന്റെ ആരാധകരും രംഗത്തു വരുമെന്നതിൽ സംശയമില്ല.