പ്രായം ഇവിടെയൊന്നിനും തടസമല്ല, സൗദി ലീഗിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കാൻ റൊണാൾഡോ

സൗദി അറേബ്യൻ ക്ലബായ അൽ നാസ്സറിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ പറഞ്ഞ വാക്കുകൾ യൂറോപ്പിൽ സാധ്യമായ ഒരുവിധം റെക്കോർഡുകളെല്ലാം താൻ സ്വന്തമാക്കിയെന്നും ഇനി സൗദി ഫുട്ബോളിൽ പുതിയ റെക്കോർഡുകൾ നേടാണെമെന്നുമാണ്. ഇപ്പോൾ സൗദി ലീഗിൽ അൽ നസ്‌റിനായി അഞ്ചാമത്തെ മത്സരം കളിച്ചപ്പോൾ തന്നെ നിരവധി റെക്കോർഡുകൾ താൻ തകർക്കുമെന്നുറപ്പുള്ള പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ദമാക് എഫ്‌സിയുമായുള്ള മത്സരത്തിൽ മൂന്നു ഗോളുകൾ നേടിയതോടെ സൗദി ലീഗിൽ അൽ നസ്‌റിനായി കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കു വഹിച്ചിരിക്കുന്നത്. രണ്ടു ഹാട്രിക്ക് ഉൾപ്പെടെ എട്ടു ഗോളുകൾ നേടിയ താരം രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. അഞ്ചു മത്സരം കഴിഞ്ഞപ്പോൾ തന്നെ സൗദിൽ ലീഗിലെ ടോപ് സ്‌കോറർമാരിൽ നാലാം സ്ഥാനത്തേക്ക് കുതിക്കാനും റൊണാൾഡോക്ക് കഴിഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ നേടിയ മൂന്നു ഗോളുകളും ആദ്യപകുതിയിൽ ആണ് വന്നത്. സൗദി പ്രൊഫെഷണൽ ലീഗിൽ ഇതിനു മുൻപ് ഒരു താരവും ആദ്യപകുതിയിൽ ഹാട്രിക്ക് നേടിയിട്ടില്ല. ഇന്നലത്തെ മത്സരത്തിലെ ഹാട്രിക്ക് റൊണാൾഡോയുടെ കരിയറിലെ അറുപത്തിരണ്ടാമത്തെയായിരുന്നു. മുപ്പതാം വയസിനു മുൻപ് മുപ്പതു ഹാട്രിക്കുകൾ നേടിയിരുന്ന താരം മുപ്പതു വയസിനു ശേഷമാണ് മുപ്പത്തിരണ്ട് ഹാട്രിക്കുകൾ സ്വന്തം പേരിലാക്കിയത്.

ഇന്നലത്തെ മത്സരത്തിലും ഹാട്രിക്ക് നേടിയതോടെ കരിയറിൽ റൊണാൾഡോക്ക് 62 ഹാട്രിക്കായപ്പോൾ ലയണൽ മെസിയുടെ പേരിലുള്ളത് 56 ഹാട്രിക്കുകളാണുള്ളത്. റൊണാൾഡോ സൗദി ലീഗിലെ തന്റെ അഞ്ചാം മത്സരത്തിൽ തന്നെ രണ്ടാം ഹാട്രിക്ക് കുറിച്ചപ്പോൾ ലയണൽ മെസി അവസാനമായി ക്ലബ് തലത്തിൽ ഒരു ഹാട്രിക്ക് നേടിയിട്ട് രണ്ടു വർഷത്തിലധികമായി. എന്തായാലും സൗദി ലീഗിൽ റൊണാൾഡോ നടത്തുന്ന പ്രകടനം പരിഗണിക്കുമ്പോൾ കരിയർ ഗോളുകൾ, ഹാട്രിക്കുകൾ എന്നിവയിൽ റൊണാൾഡോയെ മറികടക്കാൻ മെസി ബുദ്ധിമുട്ടുമെന്നുറപ്പാണ്.