അർജന്റീന, ബ്രസീൽ താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചു; ഇഞ്ചുറി ടൈമിലെ ഇരട്ടഗോളുകളിൽ ഗംഭീര തിരിച്ചുവരവ്

എഫ്എ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. എഴുപത്തിയേഴാം മിനുട്ട് വരെയും ഒരു ഗോളിന് പിന്നിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷമാണ് വിജയം നേടിയത്. ഇഞ്ചുറി ടൈമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാനത്തെ രണ്ടു ഗോളുകളും പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

സ്ഥിരം ഇലവനിൽ നിന്ന് മാറ്റി ടീമിനെ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യപകുതി കഴിഞ്ഞ് പത്ത് മിനുട്ട് തികയും മുൻപെയാണ് വെസ്റ്റ്ഹാം ഗോൾ നേടുന്നത്. സൈദ് ബഹ്‌റാമയുടെ മികച്ചൊരു ഷോട്ടാണ് വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചത്. പിന്നീട് കസമീറോ, റാഷ്‌ഫോഡ്, ലിസാൻഡ്രോ തുടങ്ങിയ താരങ്ങളെ കളത്തിലിറക്കിയെങ്കിലും എഴുപത്തിയേഴാം മിനുട്ടിൽ അഗ്വേർഡ് നേടിയ സെൽഫ് ഗോൾ വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ.

സമനിലഗോളിന്റെ ആവേശത്തിൽ ആക്രമണം തീവ്രമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിലാണ് അർജന്റീന താരം ഗർനാച്ചോ ഗോൾ നേടുന്നത്. മികച്ചൊരു കെർവിങ് ഷോട്ടിലൂടെ താരം പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. അതിനു ശേഷം അവസാന മിനിറ്റുകളിൽ വെസ്റ്റ് ഹാം വരുത്തിയ പ്രതിരോധപ്പിഴവിൽ നിന്നും ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി മറ്റൊരു ഗോൾ കൂടി നേടി വിജയം പൂർത്തിയാക്കി.

ഈ സീസണിൽ ആദ്യത്തെ കിരീടമായ കറബാവോ കപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് എഫ്എ കപ്പിലും ടീം മുന്നേറിയിരിക്കുന്നത്. എഫ്എ കപ്പ് ഉൾപ്പെടെ മൂന്നു കിരീടങ്ങളിൽ ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയുണ്ട്. പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയവയാണ് മറ്റു കിരീടങ്ങൾ. തുടർച്ചയായി പതിനൊന്നു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ടു പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് നേടാനുള്ള കരുത്തുമുണ്ട്.