മെസിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ബെൻസിമക്കുള്ള വായടപ്പൻ മറുപടിയോ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ഫിഫ ബെസ്റ്റ് അവാർഡ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിൽ അസാമാന്യ പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസി ആ പുരസ്‌കാരം അർഹിക്കുന്നതാണെന്ന് ഭൂരിഭാഗവും കരുതുന്നുണ്ടെങ്കിലും താരത്തിന്റെ നേട്ടത്തിൽ ചെറിയ രീതിയിലുള്ള പ്രതിഷേധവും ഉയർന്നു കണ്ടു.

ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ മെസിക്കും എംബാപ്പക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് വീണ കരിം ബെൻസിമ അതിനു ശേഷമിട്ട ഇൻസ്റ്റാഗ്രാം സ്റ്റോറികൾ മെസിക്ക് പുരസ്‌കാരം നൽകിയതിനെ ചോദ്യം ചെയ്യുന്നതായിരുന്നു. കഴിഞ്ഞ വർഷത്തിൽ താൻ സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗും ബാലൺ ഡി ഓറും അടക്കമുള്ള നേട്ടങ്ങൾ വിവരിച്ചു കൊണ്ടുള്ള സ്റ്റോറിയാണ് ബെൻസിമ ഇട്ടത്.

എന്നാൽ തന്റെ അവാർഡിൽ പ്രതിഷേധിക്കുന്ന എല്ലാവർക്കുമുള്ള മറുപടി മെസി തന്നെ നൽകിയെന്നാണ് കരുതേണ്ടത്. കഴിഞ്ഞ ദിവസം താരമിട്ട ഇൻസ്റ്റാഗ്രാം സ്റ്റോറീസ് അത് വ്യക്തമാക്കുന്നതായിരുന്നു. താൻ ലോകകപ്പ് പിടിച്ചു നിൽക്കുന്ന ചിത്രമാണ് മെസി പോസ്റ്റ് ചെയ്‌തത്‌. ലോകകപ്പ് കഴിഞ്ഞ് ഇത്രയും ദിവസങ്ങൾക്ക് ശേഷം ഈ ചിത്രങ്ങൾ ഇട്ടതിലൂടെ തന്റെ മറുപടി മെസി വ്യക്തമാക്കുന്നുണ്ട്.

മെസിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുകയാണ്. ഫിഫ ബെസ്റ്റ് അവാർഡ് നേടാൻ തന്റെ യോഗ്യത എന്താണെന്ന് മെസി ഈ പോസ്റ്റിലൂടെ വ്യക്തമാക്കിയെന്നാണ് ആരാധകർ പറയുന്നത്. സാധാരണ സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്താറില്ലാത്ത മെസി വളരെ സൈലന്റ് ആയതും കുറിക്ക് കൊള്ളുന്നതുമായ മറുപടിയാണ് നൽകിയിരിക്കുന്നത്.

അവാർഡിൽ അർജന്റീന താരങ്ങൾക്ക് വളരെയധികം ആധിപത്യം ഉണ്ടായിരുന്നു. ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ലയണൽ സ്‌കലോണി മികച്ച പരിശീലകനും എമിലിയാനോ മാർട്ടിനസ് മികച്ച ഗോളിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. മികച്ച ആരാധകർക്കുള്ള പുരസ്‌കാരവും അർജന്റീന ഫാൻസിനാണ്.