ഇതിലും വലിയ ഓഫർ ഇനിയാരും നൽകില്ല, ലയണൽ മെസിയെ ബാഴ്സക്കു കൊടുക്കില്ലെന്നുറപ്പിച്ച് സൗദി അറേബ്യൻ ക്ലബ് | Lionel Messi
ലയണൽ മെസിയുടെ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ വലിയൊരു ചർച്ചാ വിഷയമാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം പിഎസ്ജി വിടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. താരത്തെ സ്വന്തമാക്കാൻ മുൻ ക്ലബായ ബാഴ്സലോണ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ലാ ലിഗയുടെ അനുമതി ലഭിച്ചാൽ മാത്രമേ ലയണൽ മെസിക്കുള്ള ഓഫർ നൽകാനാവൂ എന്നതിനാൽ അതിനായി കാത്തിരിക്കുകയാണ് ബാഴ്സലോണ.
അതേസമയം കരാർ അവസാനിക്കുന്ന ലയണൽ മെസിക്കായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. പിഎസ്ജി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ലയണൽ മെസി അതിനോട് അനുകൂലമായി പ്രതികരിക്കുന്നേയില്ല. ഇവർക്ക് പുറമെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി, സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ എന്നിവരാണ് മെസിക്ക് വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ ബാഴ്സയുടെ നിലപാടറിയാൻ കാത്തിരിക്കുകയാണ് അർജന്റീന താരം.
Lionel #Messi gets improved offer from Saudi Arabia
— Gulf News (@gulf_news) May 19, 2023
Argentine World Cup winner reportedly pitched a deal valued between $500-540mhttps://t.co/CcmuY3087Z
അതിനിടയിൽ ലയണൽ മെസി ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള നീക്കം ഇല്ലാതാക്കാൻ താരത്തിന് ഓഫർ ചെയ്ത പ്രതിഫലം അൽ ഹിലാൽ വർധിപ്പിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സ്പാനിഷ് മാധ്യമമായ കദന സെറിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസിക്ക് ഒരു സീസണിൽ അഞ്ഞൂറ് മില്യൺ യൂറോയാണ് പ്രതിഫലമായി അൽ ഹിലാൽ ഓഫർ ചെയ്യുന്നത്. ഇന്ത്യൻ രൂപ 4500 കോടിയിലധികം വരും മെസിയുടെ അൽ ഹിലാലിലെ പ്രതിഫലം.
റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസ്റിനു മറുപടിയെന്ന നിലയിലാണ് അൽ ഹിലാലിന്റെ നീക്കമെങ്കിലും ലയണൽ മെസി അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. പണത്തേക്കാൾ യൂറോപ്പിൽ, ബാഴ്സലോണ ടീമിൽ വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്ന താരം അതിനു വേണ്ടി തന്റെ പ്രതിഫലം കുറക്കാൻ വരെ തയ്യാറാണ്. ചുരുങ്ങിയത് രണ്ടു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരുന്നതിനു ശേഷമേ മെസി അതിനു പുറത്തുള്ള ക്ലബ്ബിനെ പരിഗണിക്കുന്നുണ്ടാകൂ.
Al Hilal Offered 500 Million Euro For Lionel Messi