“എനിക്കിതൊരു മികച്ച അവസരമാണ്”- ഇന്റർ മിയാമി താരമായതിനു ശേഷം മെസിയുടെ ആദ്യത്തെ വാക്കുകൾ | Messi
അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസിയെ സ്വന്തമാക്കിയ വിവരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമി സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങളായി ഫ്ളോറിഡയിലുള്ള മെസിയുടെ ട്രാൻസ്ഫർ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതിനു പിന്നാലെയാണ് താരത്തിന്റെ ട്രാൻസ്ഫർ ഇന്റർ മിയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ യൂറോപ്യൻ ഫുട്ബോളിൽ നിന്നും മെസി വിടപറഞ്ഞുവെന്ന് ഉറപ്പായി.
പിഎസ്ജി കരാർ അവസാനിച്ചതിന് പിന്നാലെയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. ബാഴ്സലോണയിലേക്ക് താരമെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിൽ തീരുമാനമാകാൻ വൈകും എന്നതിനാൽ താരം ഇന്റർ മിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. അമേരിക്കൻ ലീഗിൽ കളിക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള താരം കൂടിയാണ് ലയണൽ മെസി.
Sí, Muchachos pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023
“ഇന്റർ മിയാമിയിലും അമേരിക്കയിലും എന്റെ കരിയറിലെ അടുത്ത ചുവട് വെക്കുന്നതിൽ ഞാൻ വളരെയധികം ആവേശത്തിലാണ്. ഇതൊരു മികച്ച അവസരമാണ്, ഒരുമിച്ച് ഞങ്ങളീ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകും. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ഒരുമിച്ച് ജോലി ചെയ്യുകയെന്നതാണ് ഇപ്പോൾ കരുതുന്നത്. എന്റെ പുതിയ ക്ലബ്ബിനെ സഹായിക്കാൻ ഞാൻ വളരെയധികം ആവേശത്തിലാണ്.” ലയണൽ മെസി പറഞ്ഞു.
En Argentina nació, y acá lo podrán ver pic.twitter.com/cttcLKzepc
— Inter Miami CF (@InterMiamiCF) July 15, 2023
ലയണൽ മെസിയെ ടീമിലെത്തിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്ന് ക്ലബ് ഉടമയായ ഡേവിഡ് ബെക്കാമും പറഞ്ഞു. യൂറോപ്പ് വിട്ടതിന്റെ നിരാശയുണ്ടെങ്കിലും അമേരിക്കൻ ലീഗിലേക്കുള്ള മെസിയുടെ നീക്കം മികച്ചതായാണ് പലരും വിലയിരുത്തുന്നത്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റും ലോകകപ്പും അമേരിക്കയിൽ വെച്ചാണ് നടക്കുന്നത് എന്നതിനാൽ അതിനു തയ്യാറെടുക്കാൻ ഇതിലൂടെ മെസിക്ക് കഴിയും.
Inter Miami Announce Lionel Messi Signing