എതിർടീമിന്റെ സ്റ്റേഡിയം മുഴുവൻ വിറ്റഴിഞ്ഞത് മിനുറ്റുകൾക്കകം, അമേരിക്കയിലെ മെസി മാനിയ അവസാനിക്കുന്നില്ല | Messi
മികച്ച ഫുട്ബോൾ ലീഗും ലോകകപ്പിൽ വരെ പോരാടാൻ കരുത്തുള്ള ഒരു ടീമുമുണ്ടെങ്കിലും ഫുട്ബോളിന് പൊതുവേ ജനപ്രീതി കുറവുള്ള രാജ്യമാണ് അമേരിക്ക. ഇതിനു മുൻപും യൂറോപ്പിലെ ചില പ്രധാന താരങ്ങൾ അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിട്ടുണ്ട്. ബെക്കാം, ഹെൻറി, സ്ലാട്ടൻ, റൂണി എന്നിവരെല്ലാം അതിലുൾപ്പെടുന്നു. കളിക്കളത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിൽ ഫുട്ബോളിന്റെ ജനപ്രീതി വർധിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞെന്നു കരുതാനാവില്ല.
എന്നാൽ ലയണൽ മെസിയുടെ വരവോടെ അമേരിക്കൻ ഫുട്ബോൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നതെന്ന് വ്യക്തമാണ്. ഇറങ്ങിയ മത്സരങ്ങളിലെല്ലാം ലയണൽ മെസി മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതിനൊപ്പം ഫുട്ബോളിന്റെ ജനപ്രീതി വർധിക്കാനും അത് കാരണമാകുന്നുണ്ട്. ലീഗ് കപ്പിന്റെ അടുത്ത റൌണ്ട് മത്സരത്തിൽ ലയണൽ മെസി കളിക്കുന്ന ഇന്റർ മിയാമിയുടെ എതിരാളികളായ എഫ്സി ഡള്ളാസിന്റെ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രീതി ഇത് വ്യക്തമാക്കുന്നു.
Tickets for #Messi𓃵 and Inter Miami’s game at FC Dallas on Sunday — their first game on the road since signing Messi, Busquets and Jordi Alba — sold out in 22 minutes.
Resale prices as high as $9k.https://t.co/Z4FcJWzr9O
— Paul Tenorio (@PaulTenorio) August 3, 2023
കഴിഞ്ഞ മത്സരത്തിൽ ഓർലാണ്ടോ സിറ്റിക്കെതിരെ ഇന്റർ മിയാമി വിജയം നേടിയതോടെ ലീഗ് കപ്പിന്റെ അവസാന പതിനാറിലേക്ക് മുന്നേറിയിരുന്നു. ഈ റൗണ്ടിലെ മത്സരമാണ് എഫ്സി ഡള്ളാസിനെതിരെ നടക്കുന്നത്. അവരുടെ മൈതാനമായ ടൊയോട്ട സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഏതാണ്ട് ഇരുപത്തിനായിരത്തിൽ അധികം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞത് ഇരുപതു മിനുട്ടു കൊണ്ടാണ്. ലയണൽ മെസി എഫക്റ്റ് ഇതിൽ നിന്നും വ്യക്തമാണ്.
ലയണൽ മെസി ഇന്റർ മിയാമിയിൽ നടത്തുന്ന മികച്ച പ്രകടനവും ആരാധകരുടെ ശ്രദ്ധ വർധിക്കാൻ കാരണമായിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസിക്ക് കരിയറിൽ ഒരു ടീമിനൊപ്പമുള്ള ഏറ്റവും മികച്ച തുടക്കമാണ് ഇന്റർ മിയാമിയിൽ ലഭിച്ചത്. ടീമിലെത്തിയ താരം ലീഗ് കപ്പിലൂടെ അമേരിക്കയിൽ ആദ്യത്തെ കിരീടം ഉയർത്തുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്.
Dallas Inter Miami Tickets Sold Out In Minutes Messi