മുപ്പത്തിയാറാം വയസിലും വ്യക്തിഗത അവാർഡുകൾ വാരിക്കൂട്ടി ലയണൽ മെസി, മറ്റൊരു നേട്ടം കൂടി സ്വന്തം | Messi

ഖത്തർ ലോകകപ്പിലെ വിജയത്തോടെ ലയണൽ മെസി ഫുട്ബോൾ ചരിത്രത്തിൽ തന്നെ വലിയൊരു അധ്യായമാണ് സൃഷ്‌ടിച്ചത്. അതുവരെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും ഇക്കഴിഞ്ഞ ലോകകപ്പ് അർജന്റീന നേടിയതോടെ അതിന് അവസാനമായിട്ടുണ്ട്. പെലെ, ഡീഗോ മറഡോണ എന്നിവർക്കൊപ്പമോ അല്ലെങ്കിലും അതിനേക്കാൾ മുകളിലോ ആണ് ലയണൽ മെസിയെ ആരാധകർ പ്രതിഷ്ഠിക്കുന്നത്.

ഖത്തർ ലോകകപ്പിലെ വിജയത്തിന് ശേഷം വ്യക്തിഗത അവാർഡുകൾ ഒന്നൊന്നായി ലയണൽ മെസി സ്വന്തം പേരിലാക്കുകയാണ്. കഴിഞ്ഞ ദിവസം വേൾഡ് സോക്കർ സോക്കർ പ്ലേയർ ഓഫ് 2022 പുരസ്‌കാരം നേടിയതോടെ ലോകകപ്പിന് ശേഷം ലയണൽ മെസി അഞ്ചാമത്തെ വ്യക്തിഗത പുരസ്‌കാരമാണ് സ്വന്തം പേരിലാക്കിയത്. ലോകകപ്പിലെ മികച്ച താരം, ഫിഫ ബെസ്റ്റ്, ലോറിസ് അവാർഡ്, സൗത്ത് അമേരിക്കൻ പ്ലേയർ ഓഫ് ദി ഇയർ എന്നീ പുരസ്‌കാരങ്ങളാണ് മെസി അതിനു പുറമെ നേടിയത്.

വ്യക്തിഗത പുരസ്‌കാരങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുന്ന മെസിയെത്തേടി മറ്റൊരു വമ്പൻ പുരസ്‌കാരം വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. 2023 വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് ലയണൽ മെസി. അത് നേടുകയാണെങ്കിൽ എട്ടാമത്തെ ബാലൺ ഡി ഓർ ആയിരിക്കും മെസിയുടെ പേരിലാവുക. ഇനി വരാൻ പോകുന്ന മറ്റേതൊരു ഫുട്ബോൾ താരത്തിനും ഈ റെക്കോർഡ് മറികടക്കാൻ കഴിയുമോയെന്ന് സംശയമാണ്.

ബാലൺ ഡി ഓറിൽ ലയണൽ മെസിക്ക് ഭീഷണിയായി നിൽക്കുന്നത് നോർവീജിയൻ താരം എർലിങ് ഹാലാൻഡാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീടങ്ങൾ നേടിക്കൊടുക്കാൻ താരം നിർണായക പങ്കു വഹിച്ചിരുന്നു. എന്നാൽ നിലവിലെ ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ മെസി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഒക്ടോബറിൽ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ലോകകപ്പ് നേട്ടം മെസിക്ക് മറ്റൊരു വ്യക്തിഗതനേട്ടം കൂടി സമ്മാനിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Messi Won World Soccer Player Of The Year 2022