പ്രതികാരം ചെയ്യാനൊരുങ്ങി പിഎസ്‌ജി, ലക്‌ഷ്യം റയൽ മാഡ്രിഡിന്റെ നാലു താരങ്ങളെ | PSG

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ ക്ലബിന് വലിയ തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ടീമിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിച്ച താരം അപ്രതീക്ഷിതമായാണ് വരുന്ന സീസണോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്. 2025 വരെ എംബാപ്പെ കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പിഎസ്‌ജിക്ക് വലിയ തിരിച്ചടിയാണ് ഇത് നൽകിയത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്ന സാഹചര്യമുണ്ട്.

എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ് വിടുന്നതു കാരണമുണ്ടാകുന്ന കനത്ത നഷ്‌ടം ഒഴിവാക്കാൻ വേണ്ടി താരത്തോടെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ പിഎസ്‌ജി ആവശ്യപ്പെട്ടിരുന്നു. ക്ലബ് വിട്ടില്ലെങ്കിൽ ടീമിന് വെളിയിലായിരിക്കും സ്ഥാനമെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്. പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും എംബാപ്പെയെ ഒഴിവാക്കുകയും ചെയ്‌തിരുന്നു. എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും ക്ലബിനൊപ്പം ഈ സീസൺ പൂർത്തിയാക്കാനാണ് എംബാപ്പയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

എംബാപ്പെക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് ആഗ്രഹം, എന്നാൽ താരത്തിനായി അവർ യാതൊരു ഓഫറും ഇതുവരെ നൽകിയിട്ടില്ല. എംബാപ്പെ ക്ലബ് വിടാതെ കടിച്ചു തൂങ്ങി കിടക്കുന്നത് റയൽ മാഡ്രിഡിന്റെ സ്വാധീനമാണെന്നാണ് പിഎസ്‌ജി വിശ്വസിക്കുന്നത്. റയൽ മാഡ്രിഡിനോട് പകരം വീട്ടാൻ അവരുടെ നാല് താരങ്ങളെ പിഎസ്‌ജി നോട്ടമിടുകയും ചെയ്‌തിട്ടുണ്ട്‌. കാമവിങ്ങ, ഷുവാമേനി, റോഡ്രിഗോ, നിക്കോ പാസ് എന്നിവരെയാണ് പിഎസ്‌ജി നോട്ടമിട്ടിരിക്കുന്നത്.

നിലവിൽ റയൽ മാഡ്രിഡുമായി കരാറുള്ള ഈ നാല് താരങ്ങളെയും വിൽക്കാൻ ലോസ് ബ്ലാങ്കോസ് തയ്യാറാകില്ല എന്നുറപ്പാണ്. എന്നാൽ പിഎസ്‌ജി അതൊന്നും നിലവിൽ കണക്കാക്കുന്നില്ല. ഈ താരങ്ങൾക്കായി വരുന്ന ട്രാൻസ്‌ഫർ ജാലകത്തിൽ പരമാവധി ശ്രമം നടത്തുകയെന്നതാണ് അവർക്കു മുന്നിലുള്ള ലക്‌ഷ്യം. മികച്ച ഓഫർ നൽകി ഈ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ച് റയൽ മാഡ്രിഡിനോട് പകരം വീട്ടുകയെന്നതാണ് അവർ ലക്ഷ്യമിടുന്നത്.

PSG Target Four Real Madrid Players