ഇതുവരെ സഹതാരങ്ങൾ എടുത്തത് അമ്പതോളം പെനാൽറ്റികൾ, മെസിക്കു നഷ്‌ടമായത്‌ ഏഴു ഹാട്രിക്കുകൾ | Messi

ഷാർലറ്റ് എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ്‌സ് കപ്പ് മത്സരത്തിലും ലയണൽ മെസി ഗോൾ നേടുകയുണ്ടായി. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം അഞ്ചു മത്സരങ്ങൾ കളിച്ച മെസി അഞ്ചിലും ഗോൾ നേടിയിട്ടുണ്ട്. ഇന്നലെ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അവസാനത്തെ ഗോൾ കുറിച്ച ലയണൽ മെസി ഇതുവരെ എട്ടു ഗോളുകളാണ് ടീമിനൊപ്പം നേടിയിരിക്കുന്നത്.

ഷാർലറ്റ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനു മുൻപ് നടന്ന മൂന്നു കളികളിലും ലയണൽ മെസി ഇരട്ടഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ ദിവസവും ലയണൽ മെസിക്ക് രണ്ടു ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇന്റർ മിയാമിക്ക് ആദ്യം ലഭിച്ച പെനാൽറ്റി മെസിയെടുക്കാതെ സഹതാരമായ ജോസഫ് മാർട്ടിനസിനു നൽകുകയായിരുന്നു. ഇന്റർ മിയാമിയിലെത്തിയതിനു ശേഷം ലഭിച്ച രണ്ടു പെനാൽറ്റികളും മെസി മാർട്ടിനസിനു നൽകുകയാണ് ചെയ്‌തത്‌.

ഇതോടെ നാല്‌പത്തിയെട്ടാമത്തെ തവണയാണ് ലയണൽ മെസി കളിക്കളത്തിലുള്ളപ്പോൾ സഹതാരങ്ങൾ പെനാൽറ്റിയെടുക്കുന്നത്. ഇതിൽ മുപ്പത്തിയഞ്ചെണ്ണവും ഗോളായപ്പോൾ പതിമൂന്നെണ്ണം നഷ്‌ടമായി. വേറൊരു കാര്യം ഇതിൽ ഏഴു തവണ മെസി രണ്ടു ഗോളടിച്ച് നിൽക്കുമ്പോഴാണ് സഹതാരങ്ങൾ പെനാൽറ്റി എടുത്തിരിക്കുന്നത്. ഏഴു ഹാട്രിക്കുകൾ നേടാൻ മെസിക്ക് അവസരമുണ്ടായിരുന്നു എന്നു ചുരുക്കം.

നിലവിൽ ഹാട്രിക്കുകളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്ന റൊണാൾഡോയുടെ പേരിൽ അറുപത്തിരണ്ടും രണ്ടാമതുള്ള മെസിയുടെ പേരിൽ അമ്പത്തിയേഴും എണ്ണമാണുള്ളത്. സഹതാരങ്ങൾക്ക് പകരം മെസി പെനാൽറ്റി എടുത്തിരുന്നെങ്കിൽ റെക്കോർഡ് മെസിയുടെ പേരിലായേനെ. അത് മാത്രമല്ല, ഈ പെനാൽറ്റികൾ എല്ലാം എടുത്തിരുന്നെങ്കിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡും മെസിക്ക് സ്വന്തമാകുമായിരുന്നു.

Messi Give Penalty To Josef Martinez