അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാം, മാർച്ചിൽ തന്നെ താരം പരിശീലനം ആരംഭിക്കുമെന്ന് ഇവാൻ വുകോമനോവിച്ച് | Adrian Luna

മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി നൽകിയാണ് ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയത്. ഡിസംബറിൽ താരം പരിക്കേറ്റു പുറത്തു പോയതിനു ശേഷം ഏതാനും മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചെങ്കിലും സൂപ്പർകപ്പ് മുതൽ ഫോമിൽ ഇടിവുണ്ടായി. ടീമിലെ മറ്റു ചില താരങ്ങൾക്കു കൂടി പരിക്ക് പറ്റിയതാണ് തിരിച്ചടി നൽകിയത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിന് പ്രധാന കാരണം ടീമിലെ താരങ്ങളുടെ പരിക്കുകൾ തന്നെയാണ്. അതിനിടയിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യം ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് പ്രതീക്ഷിച്ച നായകൻ അഡ്രിയാൻ ലൂണ കളിക്കാനിറങ്ങാനുള്ള സാധ്യതയുണ്ടെന്നാണു ഇവാൻ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 24 ന്യൂസിനോട് സംസാരിക്കുമ്പോഴാണ് ഇവാൻ അഡ്രിയാൻ ലൂണയെക്കുറിച്ച് പറഞ്ഞത്. മാർച്ച് അവസാനം മുതൽ താരത്തിന് പരിശീലനം ആരംഭിക്കാൻ കഴിയുമെന്നും അതിനു ശേഷം ഫിറ്റ്നസ് തിരിച്ചു കിട്ടിയോയെന്ന് കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൂണയുടെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിരില്ലെങ്കിലും താരം കളത്തിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കുകയാണെന്നും ഇവാൻ പറഞ്ഞു.

ഐഎസ്എൽ മത്സരങ്ങൾ ഏപ്രിൽ പതിനാലു വരെയുണ്ട്. അതിനു ശേഷമാണ് പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കുക. അതിനാൽ തന്നെ അഡ്രിയാൻ ലൂണ ഫിറ്റ്നസ് വീണ്ടെടുത്താൽ താരത്തിന് തിരിച്ചു വരാനുള്ള അവസരമുണ്ടാകും. ചുരുങ്ങിയത് പ്ലേ ഓഫ് ഘട്ടത്തിലെങ്കിലും താരത്തെ കളിപ്പിക്കാൻ കഴിയാനുള്ള സാധ്യത തുറന്നു കിടപ്പുണ്ടെന്ന് ഇവാന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

അഡ്രിയാൻ ലൂണ തിരിച്ചു വരികയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകൾ തുറക്കാൻ സഹായിക്കും. പരിക്കേൽക്കുന്നതിനു മുൻപ് ടീമിനായി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമായിരുന്നു അഡ്രിയാൻ ലൂണ. എന്നാൽ താരത്തെ ടീമിൽ ഉൾക്കൊള്ളിക്കാൻ സാങ്കേതികമായ തടങ്ങളുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Adrian Luna To Start Training In End Of March