സീസണിന്റെ നിർണായകഘട്ടത്തിൽ ഇങ്ങിനെ സംഭവിച്ചതിൽ കടുത്ത നിരാശയുണ്ട്, സീസൺ മുഴുവൻ നഷ്‌ടമായതിനെക്കുറിച്ച് ഐബാൻ | Aiban

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ ആരംഭിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ട്രാൻസ്‌ഫർ മാർക്കറ്റിൽ ടീമിന്റെ ഇടപെടൽ അത്ര മികച്ചതായിരുന്നില്ല എന്നതും സ്‌ക്വാഡിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ വൈകിയെന്നതും അതിനു കാരണമായി. എന്നാൽ സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രകടനമാണ് ടീമിൽ നിന്നും വന്നത്. ഒരു മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും എല്ലാ മത്സരത്തിലും മികച്ച പ്രകടനം ടീമിൽ നിന്നുമുണ്ടായി.

എന്നാൽ ദൗർഭാഗ്യം വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടി സമ്മാനിക്കുകയാണ്. താരങ്ങളുടെ പരിക്കാണ് ടീമിന് ആശങ്കയായി മാറുന്നത്. ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമായിരുന്നു ഐബാൻ ഡോഹലിംഗ്. എഫ്‌സി ഗോവയിൽ നിന്നും സ്വന്തമാക്കിയ താരമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനായി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റു പുറത്തു പോകേണ്ടി വന്നിരുന്നു.

മുംബൈ സിറ്റി താരവുമായുള്ള കൂട്ടിയിടിയിലാണ് ഐബാൻ ഡോഹലിംഗിന് പരിക്കേറ്റത്. താരത്തിന്റെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗികമായ അറിയിപ്പ് അൽപ്പസമയത്തിനു മുൻപ് വന്നിട്ടുണ്ട്. ഈ സീസൺ മുഴുവൻ ഐബാൻ പുറത്തിരിക്കേണ്ടി വരുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കുന്നത്. ഈ മോശം സാഹചര്യത്തിൽ താരത്തിന് എല്ലാ രീതിയിലുള്ള പിന്തുണയും നൽകുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

തന്റെ പരിക്ക് സ്ഥിരീകരിച്ചതിനു പിന്നാലെ ഐബാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. സീസണിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഇങ്ങിനെയൊരു പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത് വലിയ നിരാശയാണെന്നാണ് താരം പറയുന്നത്. ഈ സീസൺ ഇനി കളിക്കാൻ കഴിയില്ലെങ്കിലും എന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാ രീതിയിലുള്ള പിന്തുണയും നൽകുമെന്ന് താരം വ്യക്തമാക്കുന്നു. ഇതിനേക്കാൾ കരുത്തോടെ തിരിച്ചു വരുമെന്ന ഉറപ്പും താരം നൽകിയിട്ടുണ്ട്.

ഐബാൻ പരിക്കേറ്റു സീസൺ മുഴുവൻ പുറത്തു പോയെങ്കിലും പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിൽ ഐബാനു പകരം സന്ദീപ് സിങാണ് ലെഫ്റ്റ് ബാക്കായി ഇറങ്ങിയത്. ഭേദപ്പെട്ട പ്രകടനം താരം കാഴ്‌ച വെച്ചിരുന്നു. അതിനു പുറമെ ഇരുപത്തിനാലു വയസുള്ള നവോച്ച സിങ് കൂടി അതെ പൊസിഷനിൽ കളിക്കാൻ കഴിയുന്ന താരമായി ഉണ്ടെന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ സ്വന്തമാക്കാൻ സാധ്യതയില്ല.

Aiban Dohling Out For The Rest Of The Season