റൊണാൾഡോ കളിക്കുന്ന ലീഗിലേക്ക് മെസിയുമെത്തും, വമ്പൻ പദ്ധതികളുമായി സൗദി അറേബ്യ | Messi

ലോകഫുട്ബോളിൽ രണ്ടു താരങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും വലിയ മത്സരമാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ഉണ്ടായത്. ഒന്നര പതിറ്റാണ്ടോളം ഫുട്ബോൾ ലോകം ഈ രണ്ടു താരങ്ങളും ഭരിച്ചു. മറ്റുള്ള താരങ്ങളെ തങ്ങൾക്ക് മുന്നിൽ വിടാതെ പന്ത്രണ്ടു ബാലൺ ഡി ഓർ നേട്ടങ്ങളും എണ്ണമറ്റ കിരീടങ്ങളും ഈ താരങ്ങൾ ചേർന്ന് സ്വന്തമാക്കി. ഇതുപോലെയൊരു റൈവൽറി ഇനി ഫുട്ബോൾ ലോകത്ത് ഉണ്ടാകുമോയെന്നു സംശയമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കും ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കും ചേക്കേറിയതോടെ രണ്ടു താരങ്ങളും തമ്മിലുള്ള മത്സരത്തിന് അവസാനമായെന്ന നിരാശയിലായിരുന്നു ആരാധകർ. ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് രണ്ടു താരങ്ങളും തീരുമാനവും എടുത്തതോടെ ഇനി ദേശീയ ടീമുകളിൽ മാത്രമേ രണ്ടു താരങ്ങളും മുഖാമുഖം വരികയുള്ളൂവെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ ഈ രണ്ടു താരങ്ങളും വീണ്ടുമൊരിക്കൽ കൂടി ഒരേ ലീഗിൽ മുഖാമുഖം പൊരുതാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർക്കയെ അധികരിച്ച് സ്കൈ സ്പോർട്ട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സൗദി ലീഗ് നേതൃത്വം ലയണൽ മെസിയെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലോൺ കരാറിൽ താരത്തെ ലീഗിലെത്തിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്നത്. താരം നിരവധി മത്സരങ്ങൾ പരിക്കേറ്റു പുറത്തു പോയതിനാൽ ഇന്റർ മിയാമിക്ക് എംഎൽഎസ് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ലയണൽ മെസി ക്ലബ് തലത്തിൽ ഇനി മത്സരങ്ങൾ കളിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യം മുതലെടുത്ത് താരത്തെ ആറു മാസത്തേക്ക് ലോണിൽ തങ്ങളുടെ ലീഗിലെത്തിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

താരത്തെ ആറു മാസത്തെ ലോണിൽ ടീമിലെത്തിച്ച് അതിന്റെ കാലാവധി തീരുമ്പോഴേക്കും 2024ലെ എംഎൽഎസ് സീസൺ ആരംഭിക്കാറാകും. അതിനാൽ മെസി ഇതിനു സമ്മതം മൂളില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നതിനു മുൻപ് സൗദി മുന്നോട്ടു വെച്ച റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫർ കരാർ മെസി വേണ്ടെന്നു വെച്ചിരുന്നു. കുടുംബത്തോടൊപ്പം അമേരിക്കയിൽ ശാന്തമായ ജീവിതം നയിക്കുന്ന ലയണൽ മെസി ഇക്കാര്യത്തിൽ ചിന്തിച്ചതിനു ശേഷമേ തീരുമാനം എടുക്കുകയുണ്ടാകൂ.

Saudi Arabia Will Look To Loan Messi For 6 Months