കേരള ബ്ലാസ്റ്റേഴ്‌സിനു മാസ് കാണിക്കാൻ റൊണാൾഡോയും നെയ്‌മറുമൊന്നും വേണ്ട, ആരാധകരുടെ കരുത്തിൽ വമ്പൻ നേട്ടവുമായി കൊമ്പൻമാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് തുടങ്ങിയ കാലം മുതൽ തന്നെ നിരവധി ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം സംഘടിതമായ ഒരു നിലയിലേക്ക് എത്തിയിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബിനും തൊടാൻ പോലും കഴിയാത്തത്ര മികച്ചൊരു ഫാൻ ബേസായി വളർന്നു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ സീസണിലും കൂടുതൽ മികച്ചതായി വരികയാണ്.

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്തു വെച്ചാണ് നടന്നത്. രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയും ചെയ്‌തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ആദ്യമായാണ് സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ടീം വിജയം സ്വന്തമാക്കുന്നത്. ബെംഗളൂരു എഫ്‌സി, ജംഷഡ്‌പൂർ എന്നീ ടീമുകൾക്കെതിരെയുള്ള മികച്ച വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നന്നായി ആഘോഷിക്കുകയും ചെയ്‌തു.

എന്തായാലും ഈ വിജയങ്ങളും അതിന്റെ ആഘോഷവും കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു നേട്ടമാണ് സ്വന്തമാക്കി നൽകിയത്. ഏഷ്യയിൽ സെപ്‌തംബർ മാസത്തിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്ന ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ തുടങ്ങിയ താരങ്ങളുള്ള അൽ നസ്റാണ്. നെയ്‌മർ, കൂളിബാളി തുടങ്ങിയ കളിക്കാരുള്ള അൽ ഹിലാൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

അൽ നസ്‌റിന്റെ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് കേരള ബ്ലാസ്റ്റേഴ്‌സിന് തൊടാൻ പോലും കഴിയാത്തത്ര മുന്നിലാണ് നിൽക്കുന്നത്. റൊണാൾഡോ പോലെയൊരു വമ്പൻ താരം കളിക്കുമ്പോൾ അത് സ്വാഭാവികവുമാണ്. 91.5 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷനാണ് സെപ്‌തംബറിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. 38.4 മില്യൺ ഇന്ററാക്ഷൻസുമായി അൽ ഹിലാൽ രണ്ടാമത് നിൽക്കുമ്പോൾ 25.9 മില്യൺ ഇന്ററാക്ഷൻസുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

ലോകഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്‌മർ ജൂനിയറും കളിക്കുന്ന ക്ലബുകളായ അൽ നസ്‌റും അൽ ഹിലാലും ഇതിൽ മുന്നിലെത്തിയതിൽ യാതൊരു അത്ഭുതവുമില്ല. അതേസമയം ഇന്ത്യയിൽ, കേരളം പോലെയൊരു കൊച്ചു സംസ്ഥാനത്തുള്ള ക്ലബ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തു വന്നത് ചരിത്രനേട്ടം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ടീമിനോടുള്ള പാഷൻ ഇതിൽ നിന്നും വ്യക്തമാണ്.

Kerala Blasters 3rd In Asia By Instagram Interactions