മെസി ബാലൺ ഡി ഓറിന് അർഹനല്ല, മത്സരം രണ്ടു താരങ്ങൾ തമ്മിലായിരിക്കുമെന്ന് യുവന്റസ് താരം റാബിയട്ട് | Ballon Dor

2023 വർഷത്തെ ബാലൺ ഡി ഓർ ഈ മാസം അവസാനം പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഏറ്റവും വലിയ പോരാട്ടം ബാലൺ ഡി ഓറിനായി നടക്കുമെന്ന് പ്രതീക്ഷിക്കുന്ന വർഷമാണിത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ഐതിഹാസികമായി കിരീടം സ്വന്തമാക്കി നൽകിയ ലയണൽ മെസിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രിബിൾ കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച എർലിങ് ഹാലാൻഡുമാണ് ബാലൺ ഡി ഓർ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്‌തമായൊരു നിലപാടാണ് യുവന്റസിൽ കളിക്കുന്ന ഫ്രഞ്ച് താരമായ അഡ്രിയാൻ റാബിയോട്ട് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. മറ്റെല്ലാവരും ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ലയണൽ മെസിക്ക് ബാലൺ ഡി ഓറിനു സാധ്യതയില്ലെന്നാണ് റാബിയോട്ട് കരുതുന്നത്. പകരം തന്റെ ഫ്രഞ്ച് സഹതാരമായ കിലിയൻ എംബാപ്പയും മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡുമാണ് ബാലൺ ഡി ഓറിൽ പോരാട്ടം നടക്കുകയെന്നാണ് റാബിയോട്ട് പറയുന്നത്.

“ബാലൺ ഡി ഓർ? അത് ലഭിക്കാൻ പോകുന്നത് മെസിക്കാണെന്ന് ഞാൻ ഒരുപാട് കേൾക്കുന്നു, പക്ഷേ കായിക തലത്തിൽ നോക്കുകയാണെങ്കിൽ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും തമ്മിലായിരിക്കും മത്സരം. അവയിലൊരാളിനെ പറയുന്നത് സങ്കീർണമായിരിക്കും, അത് പല കാര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇതൊരിക്കലും ആരും സമ്മതിക്കാൻ പോകുന്നില്ല, പക്ഷെ അവർ തമ്മിലായിരിക്കും മത്സരമെന്ന് ഞാൻ കരുതുന്നു.” ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റാബിയോട്ട് പറഞ്ഞു.

എംബാപ്പയും ഹാലൻഡും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. എംബാപ്പെ നാൽപ്പതിലധികം ഗോളുകൾ നേടി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയതിന് പുറമെ ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ടൂർണമെന്റിലെ ടോപ് സ്കോററും താരമായിരുന്നു. അതേസമയം എർലിങ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യമായി ട്രെബിൾ നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിച്ചു. പ്രീമിയർ ലീഗിലെ ടോപ് സ്കോററും താരമായിരുന്നു.

അതേസമയം ലയണൽ മെസി തന്നെ ബാലൺ ഡി ഓർ നേടുമെന്നാണ് കൂടുതൽ പേരും കരുതുന്നത്. ലോകകപ്പ് പുരസ്‌കാരം നിർണയിക്കുന്നതിൽ ഒരു പ്രധാന മാനദണ്ഡമായതിനാൽ തന്നെ ടൂർണമെന്റിൽ ഐതിഹാസികമായ പ്രകടനം പുറത്തെടുത്തത് ലയണൽ മെസി എട്ടാമത്തെ പുരസ്‌കാരം ഉയർത്തുന്നതിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മുപ്പത്തിനാല് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

Rabiot Says Messi Not Gonna Win Ballon Dor