പ്രീ ക്വാർട്ടർ പോരാട്ടത്തിനു മുൻപ് ഫിഫയെ രൂക്ഷമായി വിമർശിച്ച് അർജന്റീനയും ഓസ്‌ട്രേലിയയും

ശനിയാഴ്‌ച മുതൽ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഫിഫക്കെതിരെ രൂക്ഷമായ വിമർശനവുമായി അർജന്റീനയും ഓസ്‌ട്രേലിയയും. ബുധനാഴ്‌ച രാത്രി ഗ്രൂപ്പിലെ അവസാനത്തെ മത്സരങ്ങൾ കളിച്ച ഈ രണ്ടു ടീമുകൾ ശനിയാഴ്‌ച രാത്രി തന്നെ പ്രീ ക്വാർട്ടർ മത്സരങ്ങൾ കളിക്കേണ്ടി വന്ന സാഹചര്യത്തെയാണ് ടീമുകൾ വിമർശിക്കുന്നത്. ഇത് തയ്യാറെടുപ്പിനുള്ള സമയം നൽകുന്നില്ലെന്നും താരങ്ങൾക്ക് ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അവർ പറയുന്നു.

പോളണ്ടിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോൾ ലയണൽ സ്‌കലോണി ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ രണ്ടു ദിവസത്തിനകം തന്നെ അടുത്ത മത്സരം കളിക്കേണ്ടി വരുന്നത് മനസിലാക്കാൻ കഴിയാത്ത കാര്യമാണെന്നും പറഞ്ഞു. പോളണ്ടിനെതിരായ മത്സരം കഴിഞ്ഞപ്പോൾ തന്നെ വ്യാഴാഴ്‌ചയായെന്നും ഇനി ശനിയാഴ്‌ച മത്സരം കളിക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് എവിടെയാണ് സമയമെന്ന് അദ്ദേഹം ചോദിക്കുന്നു.

സമാനമായ വിമർശനം തന്നെയാണ് ഓസ്‌ട്രേലിയയുടെ പ്രതിരോധ താരം ഡെജിനിക്കും നടത്തിയത്. ലോകകപ്പ് പോലൊരു ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനായി ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടി വരുമെന്നും എന്നാൽ അതിനു വേണ്ടി വളരെ കുറച്ചു മത്സരം മാത്രം തരുന്നത് കളിക്കാരെ റോബോട്ടുകളെ പോലെ കരുതുന്നതു കൊണ്ടാണെന്നും താരം പറഞ്ഞു. എല്ലാവരും മനുഷ്യനാണെന്നും അവരുടെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം വേണമെന്ന കാര്യം ഫിഫ പരിഗണിക്കണമെന്നും താരം വ്യക്തമാക്കി.