ജർമനി പുറത്താകാൻ കാരണമാക്കിയ ജപ്പാൻറെ ഗോൾ അനുവദിച്ചതിന്റെ കാരണമിതാണ്

സ്പെയിനും ജപ്പാനും തമ്മിൽ  ഗ്രൂപ്പ് ഇയിലെ അവസാനഘട്ട മത്സരത്തിൽ ജപ്പാൻ ജയിച്ചതോടെ അത് ജർമനിക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയുണ്ടായി. ജപ്പാൻ ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായപ്പോൾ സ്പെയിനും ജർമനിക്കും നാല് പോയിന്റാനുള്ളത്. ഗോൾ വ്യത്യാസത്തിലാണ് സ്പെയിൻ ജർമനിയെ മറികടന്നത്. അതേസമയം ജപ്പാൻ നേടിയ വിജയഗോൾ ചർച്ചകളിൽ നിറയുന്നുണ്ട്. പന്ത് ലൈനിനു പുറത്തു പോയിട്ടും ആ ഗോൾ അനുവദിച്ചത് എങ്ങിനെയെന്ന് പലരും ചോദിക്കുന്നു.

തകെഹിറോ ടനാകയാണ്‌  മത്സരത്തിലെ രണ്ടാമത്തെ ഗോൾ നേടിയത്. ലൈനിന്റെ അപ്പുറത്തു നിന്നും ഒരു ജാപ്പനീസ് താരം നൽകിയ പാസാണ് താരം വലയിലെക്ക് തട്ടിയിട്ടത്. വീഡിയോ ദൃശ്യങ്ങൾ നോക്കി റഫറി ഗോൾ അനുവദിക്കുകയും ചെയ്‌തു. എന്നാൽ ഔട്ട് ഓഫ് പ്ലേ ആയ പന്ത് പാസ് നൽകിയത് എങ്ങിനെ ഗോളാകുമെന്നാണ് പലരും ചോദിക്കുന്നത്. ഇതിനുള്ള വിശദീകരണവും അതിനു പിന്നാലെ വരികയുണ്ടായി.

ക്രിക്കറ്റിൽ നിന്നും വ്യത്യസ്‌തമായി ഫുട്ബോളിൽ പന്തിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തു കടന്നാൽ മാത്രമേ അത് ഔട്ട് ഓഫ് പ്ലേ ആയി കണക്കാക്കൂ. ഇന്നലത്തെ മത്സരത്തിൽ പന്തിന്റെ അടിവശമടക്കം ഭൂരിഭാഗവും പുറത്തു പോയെങ്കിലും വശങ്ങൾ ലൈനിൽ നിന്നും പുറത്തു പോയിരുന്നില്ല. പന്തിന്റെ വളഞ്ഞു നിൽക്കുന്ന ഭാഗം പുറത്തു പോകാത്തതിനെ തുടർന്നാണ് അത് ഗോൾ അനുവദിക്കാൻ കാരണമായത്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഏറ്റവും മികച്ച ടെക്നോളോജിയാണ് ഓഫ്‌സൈഡും ലൈൻ കടന്നതുമെല്ലാം മനസിലാക്കാൻ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ തീരുമാനങ്ങൾ പിഴവ് വരാനുള്ള സാധ്യതയും കുറവാണ്.